കഴുകി ഉപയോഗിക്കാവുന്ന മാസ്കുകൾ സജ്ജം; നിര്‍മാണം വിയ്യൂര്‍ ജയില്‍ ഫാക്ടറിയില്‍
വിയ്യൂർ സെൻട്രൽ ജയിലിൽ കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്കുകൾ നിർമിക്കുന്നു. പ്രതിദിനം 500-ൽ പരം മാസ്കുകളാണ് അന്തേവാസികൾ നിർമിക്കുന്നത്.
നിലവിലെ ത്രീ ലയർ സർജിക്കൽ മാസ്കുകൾ കിട്ടാനില്ലാത്ത അവസ്ഥയണ്ടാകുകയും ഉള്ളതിന് കൊള്ളവില ഈടാക്കുകയും ചെയ്തതോടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടലിൽ സംസ്ഥാനത്തെ മൂന്നു സെൻട്രൽ ജയിലുകളിൽ തുണി മാസ്ക് നിർമാണം തുടങ്ങിയത്.
ആറു മണിക്കൂർ ഉപയോഗിച്ചശേഷം സോപ്പിട്ടു നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും മാസ്ക് വീണ്ടും ഉപയോഗിക്കാം. ഓരോ തവണയും സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തു ഉണക്കിയ ശേഷമോ, ഇസ്തിരിയിട്ട ശേഷമോ മാത്രമേ ഇത് ഉപയോഗിക്കാവു.
വിപണിയിലെത്തുന്പോൾ 12 രൂപക്ക് ഈ മാസ്കുകൾ ലഭിക്കും. എൻ 95 മാസ്ക്, ത്രീ ലയർ സർജിക്കൽ മാസ്ക് എന്നിങ്ങനെ രണ്ടുതരം മാസ്കുകളാണു നിലവിൽ ഉപയോഗിക്കുന്നത്. എൻ 95 മാസ്ക്ക് കോവിഡ് 19 ബാധിച്ചവർക്കും അവരെ പരിചരിക്കുന്നവർക്കുമാണ് അവശ്യം.
ഈ രണ്ടു മാസ്ക്കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണു തുണി മാസ്ക്കുകൾ ഉപയോഗിക്കാം എന്നു വിദഗ്ധർ നിർദേശിച്ചത്. ഇതോടെയാണ് തുണി മാസ്കിന് മാതൃകയുണ്ടാക്കി നിർമാണം ആരംഭിച്ചത്.
വിയ്യൂർ ജയിലിൽ രണ്ടു തരത്തിൽ പെട്ട മാസ്കുകളാണ് നിർമ്മിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന തുണിയിൽ നിർമിച്ച മാസ്ക്കും ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്കുകളും. ഇവ ആരോഗ്യ പ്രവർത്തകർക്കും സമാന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും കൈമാറും. ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിമലാനന്ദൻ നായർ അറിയിച്ചു.