ആ ചിത്രങ്ങളിൽ നോക്കി അദ്ദേഹം അവർക്കായി ബലിയർപ്പിച്ചു!
കോവിഡ്-19 വൈറസിന്റെ കടന്നാക്രമണത്തിൽ വിറങ്ങലിച്ചുപോയ ഇറ്റലി പ്രാർഥനയുടെ കരുത്തിൽ പ്രതീക്ഷയർപ്പിക്കുന്നു. ജീവിതമാകെ സ്തംഭിക്കുന്പോഴും ഹൃദയസ്പർശിയായ പ്രാർഥനയുടെ കാഴ്ചകളാണ് ഇറ്റലിയിൽ പലേടത്തുനിന്നും പുറത്തേക്കു വരുന്നത്.
കോവിഡ്-19 വ്യാപനം മൂലം പള്ളികൾ അടച്ചിട്ടിരിക്കുന്ന ലോംബാർഡിയിലെ ചെറിയ പട്ടണമായ റൊബിയാനോ ദി ജുസാനോയിൽനിന്നാണ് ഇത്തരമൊരു ഹൃദയസ്പർശിയായ രംഗം ഇപ്പോൾ മാധ്യമങ്ങളിൽ വന്നിരിക്കുന്നത്.
ഞായറാഴ്ചകുർബാനയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ വേദന പലരും വികാരി ഫാ. ജുസേപ്പെ കൊർ ബാരിയോടു പങ്കുവച്ചു. തന്റെ ജനത്തോടൊപ്പം ബലിയർപ്പിക്കാനാകാത്ത ഞായറാഴ്ചയെക്കുറിച്ച് അദ്ദേഹം ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. ഒടുവിൽ അദ്ദേഹം ഒരു വഴി കണ്ടെത്തി. എല്ലാ ഇടവകാംഗങ്ങളോടും സെൽഫി ഫോട്ടോ അയയ്ക്കാൻ ആവശ്യപ്പെട്ടു.
ഈ ചിത്രങ്ങൾ പള്ളിയിലെ നിങ്ങളുടെ ഇരിപ്പിടങ്ങളിൽ പതിക്കാമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ചിത്രങ്ങൾ ഒഴുകിയെത്തിയത്. പ്രിന്റ് എടുത്ത് അദ്ദേഹത്തിന്റെ പ്രിന്റിംഗ് മെഷീനിലെ മഷി തീർന്നപ്പോഴും മെയിലിൽ വീണ്ടും നിരവധി ചിത്രങ്ങൾ ബാക്കിയായിരുന്നു.
കുട്ടികളുടെ അടക്കമുള്ള ചിത്രങ്ങൾ നിരത്തിവച്ചു കഴിഞ്ഞപ്പോൾ പള്ളി വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ഈ ചിത്രങ്ങളിൽ നോക്കി, അവരെ സമർപ്പിച്ചു ഫാ. ജുസേപ്പെ എല്ലാവർക്കുമായി ബലിയർപ്പിച്ചു.