മാഹി: രോഗി കയറിയ ഓട്ടോറിക്ഷയ്ക്കായി അന്വേഷണം ഊർജിതം
കോവിഡ്-19 സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മാഹി സ്വദേശിനി സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്താനായില്ല. 13 ന് വൈകുന്നേരം ബീച്ച് ആശുപത്രിയില്‍നിന്ന് കോഴിക്കോട് റെയില്വേസ്റ്റേഷനിലേക്കാണ് അവർ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചത്. ഉച്ചകഴിഞ്ഞു മൂന്നര മുതൽ അഞ്ചര വരെ ബീച്ച് ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീ ഐസൊലേഷന്വാര്ഡില്നിന്നാണ് ഓട്ടോറിക്ഷയില്‍ കയറിയത്.
ഈ സമയം ആശുപത്രി പരിസരത്തുനിന്ന് പുറപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഓട്ടോ ഡ്രൈവര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും സന്ദേശം കൈമാറിയിട്ടുണ്ട്. കോവിഡ് ബാധിച്ച സ്ത്രീ ഓട്ടോയിൽ റെയില്‍വേസ്റ്റേഷനിൽ എത്തിയെന്നത് അറിഞ്ഞതോടെ കോഴിക്കോട് നഗരത്തിലെത്തുന്നവരും ആശക്കുഴപ്പത്തിലാണ്. നഗരത്തിൽ ആളുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞു.
ഇതിനിടെ, കോവിഡ്-19 സ്ഥിരീകരിച്ച് മാഹി ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.