ട്രെയിൻ ടിക്കറ്റുകളുടെ റദ്ദാക്കൽ ചാർജ് ഒഴിവാക്കി; 100 ശതമാനം തുകയും മടക്കിനൽകും
കൊറോണ കാലത്ത് യാത്രക്കാർക്ക് ആശ്വാസമായി റെയിൽവേയുടെ തീരുമാനം. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ കാന്സലേഷന് ചാര്‍ജ് റെയിൽവേ ഒഴിവാക്കി. പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ഇളവ് നല്‍കിയാണ് പുതിയ തീരുമാനം.
കൗണ്ടറില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കും. ടിക്കറ്റ് തുക 100 ശതമാനവും തിരിച്ചുനൽകും. ഇ ടിക്കറ്റ് എടുത്തവര്‍ റീഫണ്ടിനായി സ്റ്റേഷനുകളില്‍ വരേണ്ട കാര്യമില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
പൊതു ഇടങ്ങളിലെ തിരക്ക് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റെയിൽവേയുടെ നടപടി. കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കണം. ജനതാ കര്‍ഫ്യു ആയതിനാൽ ഞായറാഴ്ച സർവീസ് നടത്തില്ലെന്നും റെയിൽവേ അറിയിച്ചു.