കോവിഡ് വ്യാപനം തടയാൻ ഇന്ത്യക്കു ചൈനീസ് സഹായം
ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്ന സമയത്ത് ഇന്ത്യ നൽകിയ സഹായങ്ങൾക്ക് ചൈന നന്ദി അറിയിച്ചു. ഇന്ത്യയിൽ കോവിഡ്-19 ബാധ പടരുന്നത് തടയാൻ ചൈനീസ് ഭരണകൂടം സഹായം വാഗ്ദാനം ചെയ്തു.
ചൈനയിൽ രോഗം പടർന്നുപിടിച്ച സമയത്ത് മാസ്ക്കും ഗ്ലൗസും അടിയന്തര വൈദ്യസഹായ ഉപകരങ്ങളും അടക്കം 15 ടണ്‍ സാധനങ്ങൾ സൈനിക വിമാനത്തിൽ ഫെബ്രുവരി 26ന് ഇന്ത്യ വുഹാനിൽ എത്തിച്ചു. 112 ഇന്ത്യക്കാരെയും നിരവധി വിദേശികളെയും പ്രത്യേക വിമാനത്തിൽ ചൈനയിൽനിന്ന് രാജ്യത്ത് എത്തിച്ചു. രോഗവ്യാപനം തടയാൻ നിലവിൽ 19 രാജ്യങ്ങൾക്ക് ചൈന സഹായം നൽകുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ജെഗ് ഷുവാംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ 19 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. ഇന്ത്യയും ചൈനയും തമ്മിൽ വിവരകൈമാറ്റം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ കോവിഡ്-19 രോഗം പടർന്നപ്പോൾ ചൈനീസ് പ്രസിഡന്റിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ത് അയയ്ക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യമന്ത്രി ചൈനീസ് വിദേശ്യകാര്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ത്യയും ചൈനയുമാണ് ലോകത്ത് നൂറു കോടിയിൽ മുകളിൽ ജനസംഖ്യയുള്ള രാജ്യങ്ങൾ. ചൈനയിൽ രോഗം പടർന്നപ്പോൾ, ഇന്ത്യയിലെ സ്ഥിതി വിലയിരുത്തിയെന്നും രോഗവ്യാപനം തടയാൻ ഇന്ത്യക്കു സഹായം വാഗ്ദാനം ചെയ്യുന്നതായും ജെഗ് ഷുവാംഗ് പറഞ്ഞു. കൊറോണ വ്യാപനം തടയുന്നത് സംബന്ധിച്ച് ദക്ഷിണേഷൻ, യൂറേഷ്യൻ രാജ്യങ്ങളുമായി ചൈനീസ് ഉദ്യോഗസ്ഥർ വീഡിയോ കോണ്‍ഫറൻസ് വഴി സംവദിച്ചെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, പാക്കിസ്ഥാൻ, മാലദ്വീപ്, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഇതിൽ പങ്കെടുത്തു.
നാല് മണിക്കൂർ നീണ്ട വീഡിയോ കോണ്‍ഫറൻസിൽ 2,000 പേർ പങ്കെടുത്തു. ജനുവരി 23 മുതൽ കോവിഡുമായി പോരാട്ടം തുടരുന്ന ചൈനയിൽ ഇതുവരെ 3,270 പേർ മരിച്ചു.
ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്റെ കണക്ക് അനുസരിച്ച് 81,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 72,703 പേർ സുഖപ്പെട്ടു.