വീട്ടിലിരുന്ന് ജോലിചെയ്യുക
കൊറോണ വൈറസ് കാരണം നമ്മളെല്ലാം വീട്ടുതടങ്കലിലാണല്ലോ ഇപ്പോൾ. ഈ സന്ദർഭത്തിൽ വീട്ടിലിരുന്ന് തന്നെ ഓഫീസ് ജോലി ചെയ്യുക എന്ന ആശയം ശക്തമായിത്തീർന്നിരിക്കുന്നു. പല സ്ഥാപനങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരെ വീട്ടിലിരുന്നുതന്നെ ജോലി ചെയ്യാൻ അനുവദിച്ചുകഴിഞ്ഞു.
പല ഐടി വ്യവസായ സ്ഥാപനങ്ങളിലും ഈ സന്പ്രദായം കുറേക്കാലമായി നിലവിലുണ്ട്. വനിതാ ജീവനക്കാർക്ക് ഈ രീതി വളരെയധികം ഗുണകരമാണ്. വീട്ടിൽനിന്നു ബസിലോ ട്രെയിനിലോ ഓഫീസിൽ കൃത്യസമയത്ത് എത്തിച്ചേരുന്നത് എളുപ്പമല്ല, പ്രത്യേകിച്ചും കേരളത്തിൽ. വെളുപ്പിന് നാലുമണിക്കു തന്നെ എഴുന്നേറ്റ് പാചകവും മറ്റു വീട്ടു ജോലികളും ചെയ്തു തീർത്ത് 5.25ന് എറണാകുളത്തുനിന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ കയറി, ഒന്പതരയ്ക്ക് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ച് സെക്രട്ടേറിയറ്റിലേക്ക് ഓടുന്ന ഉദ്യോഗസ്ഥകൾ കേരളത്തിലുണ്ട്. വൈകുന്നേരം ഇതുപോലെതന്നെ മടക്കയാത്രയും!
കൊച്ചി, ചെന്നൈ, ബാംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഐടി വ്യവസായ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വീട്ടിൽനിന്നു നഗരഹൃദയത്തിലുള്ള ഓഫീസിലെത്താൻ ഒന്നോ ഒന്നരയോ മണിക്കൂർ ചെലവാക്കുന്നത് സാധാരണം മാത്രം. വീട്ടിലിരുന്നു ജോലി ചെയ്യാൻ സാധിച്ചാൽ ദിവസവും രണ്ടോ മൂന്നോ മണിക്കൂർ ഇവർക്ക് ലാഭിക്കാൻ കഴിയും. ഓഫീസുകളിൽ ഒന്നിച്ചിരിക്കുന്പോൾ "കൊച്ചുവർത്തമാനം' പറഞ്ഞു നഷ്ടമാക്കുന്ന സമയവും ലാഭിക്കാം. അങ്ങനെ ഈ പുതിയ രീതിയിൽ കാര്യക്ഷമത ഉയർത്താനും ജീവനക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനും ഒരേസമയം സാധിക്കുന്നു.
പക്ഷേ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പലർ നേരിൽക്കണ്ട്, വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനം എടുക്കേണ്ട സാഹചര്യം ഉണ്ടാകും. വീട്ടിലിരുന്നു ജോലി ചെയ്യുന്പോൾ ഇതു നടക്കില്ലല്ലോ. എന്താണ് ഈ പ്രശ്നത്തിനു പരിഹാരം?
വീഡിയോ കോൺഫറൻസിംഗ് പരിപാടി ഇന്ന് വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കും. ഈ ലേഖകനു കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ ഒരു യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നു. കൊറോണാ കാരണം ഫ്ലൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്യേണ്ടിവന്നു.
അന്ന് കൊച്ചിയിൽ നിന്നു ബാംഗളൂരുവിലെ കോൺഫറൻസ് റൂമിലിരുന്ന് ഏഴെട്ട് സഹപ്രവർത്തരെ കാണാനും അവരോട് സംസാരിക്കാനും ചർച്ചയിൽ പങ്കെടുക്കാനും കഴിഞ്ഞത് ഓർമിക്കുന്നു.
ചർച്ചകൾ നടത്താൻ മറ്റൊരു വഴി ആഴ്ചയിൽ ഒരു നിശ്ചിത ദിവസം (ഉദാ: എല്ലാ തിങ്കളാഴ്ചയും) എല്ലാവരും ഓഫീസിലെത്തണം എന്നു നിഷ്കർഷിക്കുക. നേരിട്ടുകണ്ട് ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയങ്ങൾ അന്നത്തേക്കു മാറ്റിവയ്ക്കുക.
ഓഫീസിൽ എത്താതെ വീട്ടിലിരുന്ന് നടത്തുന്ന പണി ഉഴപ്പിപ്പോകാതിരിക്കാൻ അച്ചടക്കത്തോടെ പെരുമാറേണ്ടത് ആവശ്യം. താഴെപ്പറയുന്ന മുൻകരുതലുകൾ എടുത്താൽ വീട്ടിലിരുന്നു ചെയ്യുന്ന ഓഫീസ് ജോലിയുടെ കാര്യക്ഷത ഉറപ്പാക്കാം.
മുൻകരുതലുകൾ
1. ഓഫീസിലെ ജോലിസമയം കൃത്യമായി പാലിക്കുക. ഓഫീസിൽ പണി തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് കൃത്യമായി വീട്ടിലിരിക്കുന്ന ദിവസങ്ങളിലും പണി തുടങ്ങുക.
2. ജോലി അവസാനിപ്പിക്കുന്നതും ഓഫീസിൽ ജോലി അവസാനിക്കുന്ന സമയത്ത് മാത്രമായിരിക്കണം.
3. ഓഫീസ് ജോലി ചെയ്യാനായി വീട്ടിൽ പ്രത്യേകമായി ഒരു മേശയും കസേരയും തയാറാക്കുക. കംപ്യൂട്ടർ തുടങ്ങിയ സംവിധാനങ്ങളെല്ലാം അവിടെ സജ്ജമാക്കുക. ലാപ്ടോപ്പുമായി കിടക്കയിലിരുന്നും ഡ്രോയിംഗ് റൂമിലെ സെറ്റിയിൽ ചാരിക്കിടന്നുമെല്ലാം ജോലി ചെയ്യാൻ ശ്രമിക്കാതിരിക്കുക.
4. വീട്ടിലുള്ള കുടുംബാംഗങ്ങളോടു കുട്ടികളോടു താൻ ഓഫീസ് ജോലി ചെയ്യുകയാണെന്നും ശല്യം ഒഴിവാക്കണമെന്നും നേരത്തെതന്നെ പറഞ്ഞുവയ്ക്കുക.
5. ഓഫീസിൽ പോകുന്പോൾ ധരിക്കുന്ന വേഷം ധരിച്ചുകൊണ്ടായിരിക്കണം വീട്ടിലിരുന്നും ഓഫീസ് ജോലിയിൽ മുഴുകേണ്ടത്. ഓഫീസിലെ യൂണിഫോം, ഡ്രസ്കോഡ്, ഇവയനുസരിച്ച് വീട്ടിലിരുന്നു പ്രവർത്തിക്കുന്നത്, പണി ഗൗരവത്തോടെ ആത്മാർഥമായി ചെയ്യാൻ നമ്മുടെ മേൽ മനഃശാസ്ത്രപരമായ ഒരു സമ്മർദം ഉണ്ടാകാൻ സഹായകരമാണ്.
6. ഓഫീസിൽ വച്ച് സാധാരണ എടുക്കാറുള്ള കോഫീ ബ്രേക്ക്, ലഞ്ച് ബ്രേക്ക് ഇവ വീട്ടിലിരുന്ന് ജോലി ചെയ്യുന്പോഴും ആസ്വദിക്കുക.
7. ജോലിക്കിടയിൽ ലഞ്ച് ബ്രേക്കിലൊഴികെ ടെലിവിഷൻ കാണാനോ അടുക്കളപ്പണിക്കു വേണ്ടിയോ പോകരുത്.
8. സഹപ്രവർത്തകരുമായി ഫോണിൽ ചർച്ച ചെയ്ത് ആശയങ്ങൾ വികസിപ്പിച്ചെടുക്കാനും പ്രശ്നങ്ങൾ പരിഹരിച്ച് തീരുമാനമെടുക്കാനും ശ്രമിക്കുക.
വർക്ക് ഫ്രം ഹോം എന്ന വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സന്പ്രദായം നിങ്ങൾക്കും കുടുംബത്തിനും സ്ഥാപനത്തിനും നേട്ടമാക്കിയെടുക്കാൻ ശ്രമിക്കുക. കൊറോണയുടെ ഭീകരാക്രമണത്തിൽ നിന്നു വീണു കിട്ടുന്ന ഒരു വൻ നേട്ടമായിത്തീരട്ടെ അത്.
പി.സി. സിറിയക്