കൊറോണയിൽ കാലിടറി യൂറോപ്പ്
ആഗോളതലത്തിൽ കോവിഡ് 19 എന്ന മഹാമാരി മരണം വിതച്ച് മുന്നേറുന്പോൾ വിറകൊണ്ടു യൂറോപ്യൻ രാജ്യങ്ങൾ. എങ്ങനെയും രോഗത്തെ പിടിച്ചുകെട്ടാൻ ഗവേഷകർ ഉൗണും ഉറക്കും ഉപേക്ഷിച്ചു ഗവേഷണശാലകളിൽ രാത്രികൾ പകലാക്കുന്നു. ആരോഗ്യപ്രവർത്തകർ വിശ്രമം പോലുമില്ലാതെ പണിയെടുക്കുന്നു. ജനജീവിതം തന്നെ പലേടത്തും നിശ്ചലം.
ജർമനി
ആദ്യത്തെ അമാന്തത്തിനു ശേഷം ജർമൻ ചാൻസലർ അംഗലാ മെർക്കൽ സ്വീകരിച്ച ഊർജിത നടപടികൾ ഒരു പരിധിവരെ ജർമനിക്കു പിടിവള്ളിയായി. ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ കൊറോണക്കാലത്ത് ആരോഗ്യമേഖലയിലെ അധിക അലവൻസ് നൽകുമെന്ന പ്രഖ്യാപനം അവർക്ക് ഉത്തേജനമായി മാറി. ഇന്റൻസീവ് കിടക്കകളുടെ എണ്ണം 28,000ൽനിന്ന് 40,000 ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
ജർമനിയിൽ രണ്ടായിരത്തിലധികം ആരോഗ്യ പ്രവർത്തകർക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവർക്കു മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നില്ലെന്ന വിമർശനം ശക്തമായിട്ടുണ്ട്. പൊതുനിന്ത്രണം ഏപ്രിൽ 19 വരെ രണ്ടാഴ്ചത്തേക്കുനീട്ടി.
ബ്രിട്ടൻ
യുകെയിൽ സ്ഥിതി വീണ്ടും നിയന്ത്രണാതീതമാവുകയാണ്. രാജ്യത്ത് ആവശ്യത്തിനു പരിശോധനകളും ടെസ്റ്റുകളും നടക്കുന്നില്ലെന്ന പരാതികൾ ശക്തമാണ്. രോഗബാധിതരുടെ എണ്ണം 34,000 കടന്നു. ഒട്ടനവധി മലയാളികൾക്കും രോഗം ബാധിച്ചതായും റിപ്പോർട്ടുണ്ട്. സെലിബ്രിറ്റികൾ, മലയാളികൾ ഉൾപ്പെടെ മരണം 2,900 കടന്നു.
ഇറ്റലി
മരിക്കുന്നവരുടെ പ്രതിദിന കണക്ക് വീണ്ടും ഉയർന്നെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നതിന്റെ ആശ്വാസത്തിലാണ് ഇറ്റലി. രാജ്യത്തു മരണസംഖ്യ പതിന്നാലായിരം പിന്നിട്ടു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1.15 ലക്ഷവും കടന്നു. വ്യാഴാഴ്ച മാത്രം മരിച്ചത് 760 പേർ. പതിനാറായിരത്തിലധികം പേർ രോഗവിമുക്തരാകുകയും ചെയ്തു.
സ്പെയിൻ
സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 10,000 കടന്നു. പുതിയതായി 961 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് കേസുകളുടെ എണ്ണം 1,12,000 കടന്നു. 950 മരണം റിപ്പോർട്ട് ചെയ്ത വ്യാഴാഴ്ച സ്പെയ്നിലും ആകെ മരണസംഖ്യ അഞ്ചക്കത്തിലേക്കു കടന്നു.
ഫ്രാൻസ്
കോവിഡ്-19 മരണസംഖ്യ താങ്ങാനാവാതെ ഫ്രാൻസ് ഉഴലുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടം തികയാതെ, ഒരു മാർക്കറ്റിൽ പഴങ്ങളും പച്ചക്കറിയും മത്സ്യമാംസാദികളും മറ്റും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ശീതീകരിച്ച ഹാൾ താത്കാലിക മോർച്ചറിയാക്കി മാറ്റി. മാർക്കറ്റിന്റെ ഒരു ഭാഗത്തു കച്ചവടം തുടരേണ്ട അവസ്ഥയിലുമാണ്.ഫ്രാൻസിലെ വിവിധ കെയർ ഹോമുകളിലായി കൊറോണ വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച വരെ 884.
സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡിൽ ഇപ്പോഴും പ്രവർത്തനം തുടരുന്ന ചൈൽഡ് കെയർ സെന്ററുകൾ നേരിടുന്നതു കടുത്ത സാന്പത്തിക പ്രതിസന്ധി. വെള്ളിയാഴ്ച പ്രഖ്യാപിച്ച മുന്നൂറ് മില്യൻ ഫ്രാങ്കിന്റെ രക്ഷാ പാക്കേജിൽ ചൈൽഡ് കെയർ സെന്ററുകളും ഉൾപ്പെട്ടിരുന്നു.
സ്വയം തൊഴിൽ ചെയ്യുന്നവർക്കു തൊഴിൽ നഷ്ടം വന്നിട്ടുണ്ടെ ങ്കിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിക്കാനും വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു വായ്പകളും എളുപ്പത്തിൽ ലഭ്യമാക്കും. ചൈൽഡ്കെയർ സെന്ററുകൾ കൂടാതെ സ്പോർട്സ് ക്ലബുകൾ, ടൂറിസം മേഖല തുടങ്ങിയവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സ്വിറ്റ്സർലൻഡിൽ ആകെ മരണം 536 കടന്നു. രോഗബാധിതരുടെ എണ്ണം 20,000 ഓട് അടുക്കുന്നു.
ബൽജിയം
ബെൽജിയത്ത് കോവിഡ് -19 ബാധിച്ച ഒൗദ്യോഗികമായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 15,000 കടന്നു. വൈറസ് മൂലം മരണം 1000 കടന്നു. ഹോളണ്ടിൽ മരണം 13,00 കടന്നു. രോഗം ബാധിച്ചവരുടെ എണ്ണം 15,000 ആയി. അയർലൻഡിൽ ഇതുവരെയായി 98 മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 4,000 പേർക്കു രോഗം ബാധിച്ചു.
ജോസ് കുന്പിളുവേലിൽ