ബ്രിട്ടനിൽ നഴ്സ് കോവിഡ് മൂലം മരിച്ചു
കോവിഡ്-19 ബാധിച്ച നഴ്സിന്റെ മരണം ബ്രിട്ടനിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെ ആശങ്കയിലാക്കി. 36 വയസുള്ള ഏഷ്യൻ വംശജയായ നഴ്സ് ആണ് ഇന്നലെ ബിർമിംഗ്ഹാമിനടത്തു വാൽസാളിൽ മരിച്ചത്. മൂന്നു മക്കളുടെ അമ്മയും മുൻപ് യാതൊരു ആരോ ഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന ആളുമാണ് മരിച്ച അരീം നസ്രീൻ.
രോഗീ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന നിരവധി പേർക്കു രോഗം പകർന്നിട്ടുണ്ടെന്ന ആശങ്കയ്ക്കു ബലം പകരുന്നാണ് നഴ്സിന്റെ വിയോഗം. നേരത്തെ രണ്ടു ഡോക്ടർമാരും മരിച്ചിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കു രോഗം സ്ഥിരീകരിക്കുന്നതു ആശുപതികളുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുമോയെന്ന ആശങ്കയും നാഷണൽ ഹെൽത്ത് സർവീസിനെ അലട്ടുന്നുണ്ട്. നിരവധി ആരോഗ്യപ്രവർത്തകർ രോഗലക്ഷണങ്ങളെത്തുടർന്നു അവധിയെടുത്തിരിക്കുകയാണ്.
മെഡിക്കൽ വിദ്യാർഥികളുടെയും സേവനം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.നിരവധി മലയാളികൾ രോഗലക്ഷണങ്ങളുമായി ഐസൊലേഷനിൽ കഴിയുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ആരുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ല എന്നതാണ് ആശ്വാസം. ആദ്യ സമയത്തു രോഗബാധിതരായ ചിലരുടെ രോഗം മാറി യിട്ടുമുണ്ട്. ഏപ്രിൽ അവസാനത്തോടെ ഒരു ലക്ഷം പരിശോധനകൾ നടത്താനാവുമെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞത്.
മരണസംഖ്യ അടുത്ത ആഴ്ചയോടെ ഇരട്ടി ആകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു രോഗബാധിതനായി കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസൊലേഷൻ തുടരുകയാണ്. ഇന്നലെ കീ വർക്കേഴ്സിന് ആദരം അർപ്പിച്ചു നടന്ന കരഘോഷത്തിൽ അദ്ദേഹം ഔദ്യോഗിക വസതിയുടെ മുൻപിൽനിന്നും പങ്കുചേർന്നിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എലിസബത്ത് രാജ്ഞി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. വളരെ പ്രത്യേകമായ അവസരങ്ങളിൽ മാത്രമാണ് രാജ്ഞി ഇങ്ങനെ രാജ്യത്തോടായി സംസാരിച്ചിട്ടുള്ളത്.
രോഗബാധ ഉയർന്നതോടെ ലോക്ക് ഡൗൺ നിർദേശങ്ങൾ ആളുകൾ കർശനമായി പാലിക്കാനും തുടങ്ങിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളിലും മറ്റും കൃത്യമായ അകലം പാലിച്ചാണ് ആളുകൾ നിൽക്കുന്നത്. ഓൺലൈൻ ഗ്രോസറി സ്റ്റോറുകളിൽ ഒരു മാസത്തേക്കുള്ള ഡെലിവറി സമയം പൂർണമായും ബുക്ക് ചെയ്തിരിക്കുകയാണ് ആളുകൾ.
ഷൈമോൻ തോട്ടുങ്കൽ