മലയാളി നഴ്സുമാർക്കു നോഡല്‍ ഓഫീസര്‍ വഴി നടപടി സ്വീകരിക്കാം: ഹൈക്കോടതി
കോവിഡ് രോഗം ബാധിച്ച അന്യസംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി രോഗബാധിതര്‍ക്കും ബന്ധുക്കള്‍ക്കും ഇവരുടെ സംഘടനയ്ക്കും അതതു സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍ വഴി നടപടി സ്വീകരിക്കാമെന്നു ഹൈക്കോടതി.
ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്നു രോഗബാധിതരായ നഴ്സുമാരെ നാട്ടിലെത്തിച്ചു ചികിത്സ നല്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) നല്കിയ ഹര്‍ജിയിലാണു ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നോഡല്‍ അഥോറിറ്റിക്കു രൂപം നല്‍കണമെന്ന് ഏപ്രില്‍ 29ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയെന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് വിശദീകരിച്ചിരുന്നു. നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാമെന്നു വ്യക്തമാക്കി ഡിവിഷന് ബെഞ്ച് ഹര്‍ജിയിലെ തുടര്‍നടപടി അവസാനിപ്പിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ നഴ്സുമാര്‍ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടു പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണു വേണ്ടതെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. നോര്‍ക്ക വഴി രജിസ്ട്രേഷന് തുടങ്ങിയെന്നും മടങ്ങിയെത്തുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.