കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേക്കടി വരെ യാത്ര ചെയ്താൽ ഒരു വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം അത് വ്യത്യസ്തമായ അനുഭവങ്ങളാകും സമ്മാനിക്കുക. മലയാളികൾക്കും വടക്കേ ഇന്ത്യക്കാർക്കും വിദേശികൾക്കും ഒരേപോലെ ഇഷ്‌ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി ഇടുക്കിയിലെ ഓരോ സ്‌ഥലവും മാറുന്നു. വന്യമായ കാനന സൗന്ദര്യം ആസ്വദിക്കേണ്ടവർ ഓടിയെത്തുന്നത് ഈ ജില്ലയിലേക്ക്. സ്പൈസ് ടൂറിസത്തിനായി ആഗ്രഹിക്കുന്നവർ കേരളത്തിൽ ആദ്യം തെരഞ്ഞെടുക്കുന്നത് ഈ ജില്ലയിലെ തോട്ടങ്ങൾ. ഗ്രാമീണ ജനതതിയുടെ ജീവിത സാഹചര്യങ്ങൾ എന്തെന്നു വ്യക്‌തമായി മനസിലാക്കി ആ ഗ്രാമങ്ങളിലെ ഭക്ഷണത്തിന്റെ രുചി അനുഭവിക്കാനായി സൗകര്യങ്ങളൊരുക്കി ഹോം സ്റ്റേയുടെ നീണ്ട നിര. കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിൽ ഇടുക്കിയെന്ന മലയോര ജില്ല മുഖ്യധാരയിലേക്ക് എത്തുന്നു. ഇടുക്കിയിൽ എവിടെ ചെന്നാലും അവിടെല്ലാം വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ നിലനില്ക്കുന്നു. ഓരോ വർഷവും പുതിയ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുന്ന സ്‌ഥിതിയാണിപ്പോൾ. ഇവിടെ എത്തിയാൽ സഞ്ചാരികൾക്ക് ഒരിക്കലും നഷ്‌ടബോധം ഉണ്ടാവില്ല. കണ്ടാലും കണ്ടാലും മതിവരാത്ത കാഴചകൾ ആസ്വദിക്കാം..

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി ഇവയെല്ലാം ഇടുക്കിയുടെ സവിശേഷതകളിൽ ചിലതാണ്. ഇടുക്കിയുടെ സാധ്യതകൾ മലയാള, തമിഴ് സിനിമാ നിർമാതാക്കൾ ഇപ്പോൾ വൻതോതിൽ ഉപയോഗിച്ചു തുടങ്ങി. മൂന്നാറിൽ നിന്നും യാത്ര തുടങ്ങി തേക്കടിയിൽ അവസാനിപ്പിക്കുന്ന ടൂറിസം പാക്കേജായിരുന്നു മുമ്പുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് ഗവിയിലും പാഞ്ചാലിമേട്ടിലും വരെ എത്തിനില്ക്കുന്നു.മൂന്നാറിലെ മരംകോച്ചുന്ന തണുപ്പ്് ഏതൊരു സഞ്ചാരിയുടേയും സ്വപ്നമാണ്. കോടമഞ്ഞിൽ മലകൾക്കു നടുവിലുള്ള ഈ കൊച്ചു പട്ടണത്തിൽ നിന്നാണ് കൊച്ചിയിൽ നിന്നുമെത്തുന്ന വിനോദസഞ്ചാരികൾ യാത്ര ആരംഭിക്കുന്നത്. ചെറു ചെറു ഡാമുകളും ജലാശയങ്ങളും തേയിലക്കാടുകളും വരയാടുകളും മൂന്നാറിനും സമീപ പ്രദേശങ്ങൾക്കുമുള്ള വിനോദസഞ്ചാര പ്രാധാന്യം വർധിപ്പിക്കുന്നു. ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ വട്ടവടയും കാന്തല്ലൂരും ചന്തനക്കാടുകൾ നിറഞ്ഞ മറയൂരും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടത്.

ഇവിടെ നിന്നും മാട്ടുപ്പെട്ടിയിൽ എത്തിയാൽ അവിടെ ബോട്ടിംഗ സംവിധാനം. തൊട്ടടുത്ത് രാജമലയിൽ വരയാടുകളുടെ അപൂർവ കേന്ദ്രം. കുണ്ടള ഡാമും എക്കോ പോയിന്റും ടോപ് സ്റ്റേഷനും ചിന്നാറുമെല്ലാം സഞ്ചാരികൾക്ക് നല്കുന്ന അനുഭവം ഏറെ വലുതാണ്.

മൂന്നാറിൽ നിന്നു തേക്കടിയിലേക്ക്

മുമ്പ് മൂന്നാറിൽ നിന്ന് വിനോദ സഞ്ചാരി യാത്ര തിരിച്ചാൽ തേക്കടിയായിരുന്നു ലക്ഷ്യമാക്കുന്നത്. എന്നാൽ ഇപ്പോൾ കഥമാറി. മൂന്നാറിൽ നിന്ന് ദേവികുളം, ശാന്തൻപാറ വഴി തേക്കടിയിലേക്ക് പോവുന്നവർ ഇതിനിടയിൽ നിരവധി ചെറുകിട വിനോദസഞ്ചാര മേഖലകളിൽ കയറി ഇറങ്ങിയാണ് യാത്ര നടത്തുന്നത്. ശാന്തൻപാറയിലേയും പൂപ്പാറയിലേയും ഏലക്കാടുകൾ കണ്ട് ഇവിടങ്ങളിലെ ഹോം സ്റ്റേകളിൽ ഒരു ദിവസം താമസിച്ച ശേഷം മാത്രമാണ് ഏറെ ടൂറിസ്റ്റുകളും യാത്ര തുടരുന്നത്. തുടർന്ന് നെടുങ്കണ്ടത്തെത്തി അവിടെന്നും രാമക്കൽമേട്ടിൽ പോകുന്നു. കേരള –തമിഴ്നാട് അതിർത്തിയായ ഈ സുന്ദരഭൂമിയിലെ മനോഹര കാഴ്ച്ചകൾ കാണാം.സമുദ്രനിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്‌ഥിതിചെയ്യുന്ന രാമക്കൽമേട്ടിൽ നിന്നാൽ താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.

ഇവിടെ നിന്നു തേക്കടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അണക്കരയെന്ന സ്‌ഥലം. ജില്ലയിൽ തന്നെ ഏറ്റവുമധികം ഹോം സ്റ്റേകൾ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങളിൽ ഒ്ന്നാണ് അണക്കര. ഹോം സ്റ്റേകളോട് അനുബന്ധിച്ച് സുഗന്ധ വ്യഞ്ജന വില്പന ശാലകളും ഒരുക്കിയിട്ടുണ്ട്. ഫാം വിസിറ്റിംഗ് സൗകര്യങ്ങൾ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. വടക്കേ ഇന്ത്യക്കാർക്കും വിദേശീയർക്കും ഏറ്റവുമധികം താത്പര്യമുള്ളതാണ് ഫാം വിസിറ്റിംഗെന്നു ഹോം സ്റ്റേ നടത്തുന്നവർ തന്നെ വ്യക്‌തമാക്കുന്നു. 1000 രൂപമുതൽ ഒരു ദിവസത്തേയക്ക് വാടക ഈടാക്കുന്ന ഇത്തരം താമസ സൗകര്യങ്ങൾ ഉണ്ട്. ഇവിടെ നിന്നും തേക്കടിയിൽ എത്തിയാൽ സഞ്ചാരിക്ക് ഇഷ്‌ടമുള്ള തരത്തിലുള്ള താമസ സൗകര്യങ്ങൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. സ്റ്റാർ ഹോട്ടൽ മുതൽ സാധാരണക്കാർക്കു താങ്ങാൻ കഴിയുന്ന വാടക ഈടാക്കുന്ന ഹോട്ടൽ വരെ തേക്കടിയുടെ കവാടമായ കുമളിയുടെ പ്രത്യേകതയാണ്. തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗും പുലർവേളയിൽ കോടമഞ്ഞണിഞ്ഞുള്ള ട്രക്കിംഗുമെല്ലാം സഞ്ചാരികൾക്ക് ഏറെ ഹൃദ്യം. പെരിയാർ ടൈഗർ റിസർവിലെ കടുവകളും കാട്ടാനകളും എല്ലാം ഏതൊരു സഞ്ചാരിയും കാണാൻ ഏറെ ആഗ്രഹിക്കുന്നതാണ്.


തേക്കടിയിൽ നിന്നു ഗവിയിലേക്ക്

പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവി. കൊടുംകാടിനു നടുവിൽ പ്രകൃതി രമണീയമായ ഭൂമി. ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നു തിരിഞ്ഞാണ് ഗവിയിലേക്ക് പോവുന്നത്. വള്ളക്കടവ് കഴിഞ്ഞാൽ പൂർണമായും കാടിനു നടുവിലൂടെ 25 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഗവിയിൽ എത്താം. യാത്രയ്ക്കിടയിൽ കാട്ടാനകളെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. മൊട്ടക്കുന്നുകൾക്കും ചോലവനങ്ങൾക്കും പുൽമേടുകൾക്കുമിടയിലുളള ഗാട്ട് റോഡിലൂടെ ഇപ്പോൾ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഏറെ വർധനവാണുള്ളത്. ഗവിയിൽ തടാകത്തിൽ ബോട്ടിംഗും കൊടുംവനത്തിലൂടെയുള്ള ട്രക്കിംഗുമെല്ലാം ഏറെ അനുഭൂതി പകരുന്നതാണ്.പാഞ്ചാലിമേടും വാഗമണ്ണും

ഇടുക്കിയുടെ സ്വപ്നഭൂമിയാണ് വാഗമൺ. മഞ്ഞിൽ പൊതിഞ്ഞു നില്ക്കുന്ന മൊട്ടക്കുന്നുകൾ. ഇടയ്ക്കിടയ്ക്ക് മനം കുളിർക്കാനായി ചെറിയ ചാറ്റൽ മഴ. മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകൾക്കിടയിലുള്ള ചെറിയ തടാകവും, പൈൻ മരക്കാടുകളും, സൂയിസൈഡ് പോയിന്റും, ഇവയെല്ലാം വാഗമണ്ണിന്റെ മാത്രം പ്രത്യേകത. ഇയോബിന്റെ പുസ്തകം എന്ന സിനിമ ചീത്രീകരിച്ച ഉളുപ്പൂണിയുടെ പ്രകൃതി രമണീയതയും ഏറെ വിസ്മയകരമാണ്.

പരന്നു കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമും ഇവിടെ നിന്നും കാണാൻ സാധിക്കും.പീരുമേട് താലൂക്കിലുള്ള പ്രകൃതിരമണീയമായ പരുന്തുംപാറയാണ് ഇപ്പോൾ വളർന്നു വരുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രം.

പീരുമേടിനും തേക്കടിക്കും ഇടയിലായി സ്‌ഥിതിചെയ്യുന്നു. ഏറെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ സ്‌ഥലം. ഇപ്പോൾ സിനിമാ ഷൂട്ടിംഗിനായും ചില നിർമാതാക്കൾ ഇവിടം തെരഞ്ഞെടുക്കുന്നുണ്ട്.

മീശപ്പുലിമല

മൂന്നാറിൽ നിന്നും 27 കിലോമീറ്റർ അകലെയുള്ള മീശപ്പുലിമലയും ഇപ്പോൾ ഹിറ്റായിരിക്കയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലകളിൽ ഒന്നാണിത്. ലോക പൈതൃക മേഖലകളിൽ പെട്ട സ്‌ഥലം. ട്രക്കിംഗിന് ഏറെ അനുകൂലമായ പ്രദേശമാണിത്.

ഇടുക്കി ആർച്ച് ഡാം

ഇടുക്കി ഡാമിലേക്ക് ഓരോ വർഷവും എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഈ ആർച്ച് ഡാമിനെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യവും ഇല്ല. ഇടുക്കി ഡാമിൽ നിന്നു 17 കിലോമീറ്റർ സഞ്ചരിച്ചാൽ കാൽവരി മൗണ്ട് എന്ന സ്‌ഥലത്തെത്താം. മൊട്ടക്കുന്നുകൾ നിറഞ്ഞ ഈ ഭൂപ്രദേശത്തു നിന്നു നോക്കിയാൽ വിദൂര ദൃശ്യങ്ങൾ അതി മനോഹരമാണ്.നാടുകാണിയും മീനുള്ളിയും, തൂവാനവുമെല്ലാം ഇടുക്കിയുടെ മറ്റു ചില സവിശേഷതകളാണ്.മൂന്നാർ ടൗണിൽ നിന്നു 25 കിലോമീറ്റർ അകലെയാണ് നാടുകാണി.

സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തോളം അടി ഉയരത്തിലാണ് സ്‌ഥിതി ചെയ്യുന്നത്. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാൽ കാണാം. മറയൂരി ൽ നിന്നു പത്തു കിലോമീറ്റർ അകലെയാണ് തൂവാനം വെള്ളച്ചാട്ടം. ഇവിടേക്കും ഇപ്പോൾ സഞ്ചാരികൾ എത്തുന്നുണ്ട്.

ഇടുക്കിയുടെ സൗന്ദര്യത്തെക്കുറിച്ച് വിശദീകരിച്ചാൽ അവസാനിക്കില്ല. പറഞ്ഞതിലും വിവരിച്ചതിലും ഏറെ സുന്ദരമായ സ്‌ഥലങ്ങൾ ഇടുക്കി എന്ന സുന്ദര ഭൂപ്രദേശത്തുണ്ട്. ഇതാണ് ഓരോ വർഷവും സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകാൻ ഇടയാക്കുന്നത്. അടിമാലിയും ചീയപ്പാറയുമെല്ലാം സഞ്ചാരികളുടെ ഇഷ്‌ടഭൂമിയാണ.്

തീർഥാടകർക്കുംഇത് പുണ്യഭൂമി

മുതലക്കോടം വിശുദ്ധ ഗീവർഗ്സ പള്ളി, വാഗമൺ കുരിശുമല, തങ്ങൾ പാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം, മംഗളാദേവീക്ഷേത്രംഇവയെല്ലാം ഇടുക്കിയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളാണ്.

തോമസ് വർഗീസ്


Loading...