ദിനേശിന്റെ ഭാഷാശൈലിയും കാര്യങ്ങള് ഗ്രഹിച്ച് എഴുതാനുള്ള കഴിവും തമ്പി കണ്ണന്താനത്തിനും നന്നേ ബോധിച്ചു.
ഹരിദാസിന്റെ സംവിധാനത്തില് മനോജ് കെ. ജയനും വാണി വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച പഞ്ചലോഹം എന്ന സിനിമ തമ്പി കണ്ണന്താനം നിര്മിക്കാനൊരുങ്ങുന്ന സമയമായിരുന്നു അത്.
തന്റെ കൂടെ നില്ക്കാമോയെന്ന് ദിനേശിനോട് അദ്ദേഹം ചോദിച്ചു. ദിനേശ് മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി. അങ്ങനെ 1998ല് ആ ചിത്രത്തിലൂടെയാണ് പിആര്ഒ എന്ന ഔദ്യോഗിക സ്ഥാനത്തേക്ക് ദിനേശ് എത്തിയത്.
തുടര്ന്ന് സര്ഗം കബീറിന്റെ നിര്മാണത്തില് വിനയന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദാദാസാഹിബ്, ജോണി സാഗരിഗ നിര്മിച്ച മോഹന്ലാല് സിനിമ ഹരിഹരന്പിള്ള ഹാപ്പിയാണ് എന്നിവയുടെ പിആര് വര്ക്കുകളും ചെയ്തു.
പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സ്വന്തം പാത തെളിച്ച്...ദിനേശ് സിനിമാ വാര്ത്ത എഴുത്ത് തുടങ്ങുന്ന കാലത്ത് നാലു പേരാണ് ഈ രംഗത്തുണ്ടായിരുന്നത്. സാമ്പത്തിക വരുമാനം വളരെ കുറവായിരുന്നതിനാല് പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ തന്റെ വഴി ഇതാണന്ന് അദ്ദേഹം നേരത്തെ ഉറപ്പിച്ചിരുന്നു.
പതിവ് പിആര് ശൈലിയില്നിന്ന് വ്യത്യസ്തമായൊരു രീതിയായിരുന്നു ദിനേശിന്റേത്. ഒരു സിനിമയുടെ ആദ്യാവസാനം വരെ അദ്ദേഹം കൂടെനിന്നു.
ലൊക്കേഷന് വാര്ത്തകള്ക്കൊപ്പം അണിയറ പ്രവര്ത്തകരുടെയും താരങ്ങളുടെയും അഭിമുഖം അക്ഷരങ്ങളിലൂടെ അദ്ദേഹം കോറിയിട്ടു.
സിനിമ ഇറങ്ങിയ ശേഷവും അതിനെക്കുറിച്ചുള്ള വാര്ത്തകള് വായനക്കാര്ക്കു മുന്നിലെത്തി. അതോടെ ദിനേശിന്റെ സിനിമാ വാര്ത്തയെഴുത്തിന് വായനക്കാരും ഏറി.