രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
സെബി മാത്യു
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അപൂർവവുമാണ്. ഇതൊക്കെയാണെങ്കിലും ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു തരത്തിലുള്ള അക്ഷരത്തെറ്റുകളും ഉണ്ടാക്കിയിട്ടില്ലാത്ത കോണ്ഗ്രസ് നേതാവാണ് മല്ലികാർജുൻ ഖാർഗെ.
വലിയൊരു ആളായി കടന്നുവന്ന് പദവിയിലേക്ക് അമർന്നിരുന്നതല്ല. മറിച്ച്, ഏറ്റവും താഴേത്തട്ടുമുതൽ പ്രവർത്തിച്ച് പടിപടിയായി ഉയർന്ന് കോണ്ഗ്രസിന്റെ അധ്യക്ഷപദവിയിലേക്കെത്തിയ വ്യക്തിത്വം.
അറുപതിലേറെ വർഷത്തെ പ്രവർത്തനംകൊണ്ടു കോണ്ഗ്രസിനോട് എന്നും ആത്മബന്ധം കാത്തുസൂക്ഷിച്ചും പാർട്ടിയുടെ ആദർശം മുറുകെ പിടിച്ചും എന്നും കോണ്ഗ്രസുകാരനായിരുന്ന നേതാവായിരുന്നു മപ്പണ്ണ മല്ലികാർജുൻ ഖാർഗെ. ഫാസിസ്റ്റ്- ഹിന്ദു അജൻഡകളോട് എന്നും കലഹം പ്രഖ്യാപിച്ചിട്ടുള്ള ഖാർഗെ സംഘപരിവാർ-ആർഎസ്എസ് സംഘടനകളുടെ മുഖ്യശത്രു കൂടിയാണ്. അംബേദ്കറെയും ബുദ്ധനെയുമാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
കർണാടകയിലെ ബിദർ ജില്ലയിൽപ്പെട്ട വാരവട്ടി എന്ന ഗ്രാമത്തിലാണ് മപ്പണ്ണ ഖാർഗെയുടെയും സഭാവ ഖാർഗെയുടെയും മകനായ മല്ലികാർജുൻ ഖാർഗെയുടെ ജനനം. ഏഴാമത്തെ വയസിൽ കുടുംബം കലാബുരാഗിയി(ഗുൽബർഗ)ലേക്കു മാറി. പ്രദേശത്തുണ്ടായ ഒരു വർഗീയ സംഘർഷത്തെ തുടർന്നായിരുന്നു ഈ മാറ്റം. ഈ കലാപത്തിൽ സ്വന്തം അമ്മ ഉൾപ്പെടെയുള്ള ഉറ്റവരെയാണ് ഖാർഗെയ്ക്കു നഷ്ടപ്പെട്ടത്.
ഗുൽബർഗയിലുള്ള ന്യൂട്ടൻ വിദ്യാലയത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കി. സർക്കാർ കോളജിൽനിന്ന് ബിരുദം നേടി. ഗുൽബർഗയിലെ സേത് ശങ്കർലാൽ ലഹോട്ടി വിദ്യാലയത്തിൽനിന്ന് നിയമ ബിരുദവും നേടി. ഇക്കാലത്ത് സിനിമ തിയറ്ററുകളിൽ ഉൾപ്പെടെ ജോലി ചെയ്താണ് പഠനത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്തിയിരുന്നത്.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ശിവരാജ് പാട്ടീലിന്റെ കീഴിലായിരുന്നു നിയമപരിശീലനം. നാളുകളേറെ കഴിയും മുൻപേതന്നെ മികച്ച അഭിഭാഷകൻ എന്നു പേരെടുത്തു. ഫീസില്ലാ വക്കീൽ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്. അഭിഭാഷകനായിരിക്കെ എന്നും അവശവിഭാഗങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും അഭിഭാഷകനെന്ന നിലയിൽ പ്രയത്നിച്ചു.
വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ പ്രവേശം. ബിരുദ പഠനകാലത്ത് തന്നെ സജീവ സംഘടനാ പ്രവർത്തകനായി. തീപ്പൊരി പ്രസംഗങ്ങൾ കൊണ്ടുതന്നെ അക്കാലത്ത് വിദ്യാർഥികളുടെ ഇടയിൽ പേരെടുത്തു. പിന്നീട് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയാകുന്നതാണ് ആദ്യത്തെ പദവി.
യുവാവായിരിക്കെ കബഡി, ഹോക്കി, ഫുട്ബോൾ താരമായിരുന്ന ഖാർഗെ നിരവധി ജില്ലാതല മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഈ കായിക ഇനങ്ങൾക്കെല്ലാം തന്നെ ക്രിക്കറ്റിനു ലഭിക്കുന്ന പ്രചാരണം ലഭിക്കണമെന്നത് ഖാർഗെ എക്കാലവും ഉയർത്തിപ്പിടിച്ച വാദമായിരുന്നു. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന ഖാർഗെ ഒരു ബഹുഭാഷാ പണ്ഡിതനായിട്ടാണ് രാഷ്ട്രീയക്കാർക്കിടയിൽ അറിയപ്പെടുന്നത്. ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ മറ്റുചില പ്രാദേശിക ഭാഷകളിലും പ്രാവീണ്യമുണ്ട്.
1961ലാണ് മല്ലികാർജുൻ ഖാർഗെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിൽ അംഗമാകുന്നത്. മികച്ച പാർട്ടി പ്രവർത്തനം കാഴ്ചവച്ചതിന്റെ ഫലമായി ആ വർഷംതന്നെ ഗുൽബർഗ കോണ്ഗ്രസ് പ്രാദേശിക കമ്മിറ്റി അധ്യക്ഷനായി. 1972ൽ തെരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കത്തിനിറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംൽഎയായി. 1976ൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 1978ൽ ഗുർമിത്കൽ നിയമസഭാ മണ്ഡലത്തിൽനിന്നു മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മന്ത്രിസഭയിൽ തദ്ദേശഭരണ മന്ത്രിയായി ചുമതലയേറ്റു.
നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി പന്ത്രണ്ടു തവണ തെരഞ്ഞെടുപ്പിനെ നേരിട്ട ഖാർഗെ ഒറ്റത്തവണ (2019) മാത്രമാണ് പരാജയമറിഞ്ഞിട്ടുള്ളത്. തുടർച്ചയായി ഒൻപത് തവണയാണ് കർണാടക നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. സംവരണ സീറ്റായ ഗുർമിത്കൽ മണ്ഡലത്തിൽനിന്നായിരുന്നു കൂടുതൽ വിജയവും. ഒരു തവണ ചിതാപുരിൽനിന്ന് ജയിച്ചു.
2009ലും 2014ലും ഗുൽബർഗയിൽനിന്ന് ലോക്സഭയിലെത്തി. കർണാടക സംസ്ഥാന റവന്യൂ മന്ത്രിയായിരിക്കുന്പോൾ നിരവധി ഭൂപ്രശ്നങ്ങളിൽ ഇടപെട്ടു പരിഹരിച്ചു. ഭൂമിയില്ലാത്തവർക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങൾ വിതരണം ചെയ്തു. മികച്ച പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചും അദ്ദേഹം കർണാടകയിലെ ജനങ്ങളുടെ മനസിലിടം പിടിച്ചു. 1999 ൽ തൊട്ടരികിലെത്തിയിട്ടാണ് മുഖ്യമന്ത്രി പദം അദ്ദേഹത്തിൽ നിന്നകന്നു പോയത്. 2004ലും 2013ലും ഇതാവർത്തിച്ചു.
രാധാഭായി ആണ് ഭാര്യ. പ്രിയങ്ക് ഖാർഗെ, രാഹുൽ ഖാർഗെ, മിലിന്ദ് ഖാർഗെ എന്നിങ്ങനെ മൂന്ന് ആണ് മക്കളും പ്രിയദർശിനി ഖാർഗെ, ജയശ്രീ എന്നീ രണ്ട് പെണ്മക്കളുമുണ്ട്. പ്രിയങ്ക് ഖാർഗെ കോണ്ഗ്രസ് എംഎൽഎയും മുൻ കർണാടക മന്ത്രിയുമാണ്. രണ്ട് ആണ് മക്കൾ വ്യവസായ രംഗത്താണ്.