കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി– ഗോത്രവിഭാഗക്കാരായ ഒരുകൂട്ടം വിദ്യാർഥികൾക്ക്. കേരളത്തിലെ ഈ വിഭാഗത്തിലെ വിദ്യാർഥികളിലെ കൊഴിഞ്ഞുപോക്കിന്റെ കണക്കുകൾ ഞെട്ടിപ്പിയ്ക്കുന്നതാണ്. പക്ഷെ ഇക്കൂട്ടരുടെ കലോത്സവ കൂട്ടായ്മയ്ക്കും നാം വരുംദിവസങ്ങളിൽ സാക്ഷ്യം വഹിക്കാൻ പോകുകയാണ്. പുതു മനഃശാസ്ത്ര വഴികളിലൂടെ ഈ സർഗോത്സവ വിശേഷങ്ങളെത്തിക്കാനായാൽ കൊഴിഞ്ഞുപോക്കുകാരുടെ എണ്ണം കുറയ്ക്കാനാകും.

തങ്ങളുടെ ഗോത്രവിഭാഗത്തിന്റെ തനതുകലകളെ അവതരിപ്പിക്കാനുള്ള അവസരമാണ് കുട്ടികൾക്കൊരുങ്ങുന്നത്. ഇത്തരം കലകൾ സ്റ്റേജിലെത്തുമ്പോളുയരുന്ന കൈയടികളാണ് ഈ കുട്ടികൾക്കു പുത്തൻ പ്രചോദനമാകുക. തങ്ങളും പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന ചിന്തയും ബോധവും ഇവരിലേക്കെത്തുമെന്നതും തീർച്ച. സഭാകമ്പവും സമൂഹകമ്പവുമെല്ലാം മാറുമ്പോൾ വ്യക്‌തിത്വ വികസനവും യാഥാർഥ്യമാകും. ജീവിതപശ്ചാത്തലം തത്കാലം മറന്നു ഇവർ ഉത്സവത്തിന്റെ ഭാഗമാകുമ്പോൾ മനഃശാസ്ത്ര സമീപനത്തിന്റെ വിജയമായും വിലയിരുത്താം.

സ്കൂളുകളെ ഉപേക്ഷിച്ചു പോകുന്നവർ...

സ്കൂളുകളിലെ പഠനം ഉപേക്ഷിച്ചു പോകുന്ന ദളിത് വിഭാഗത്തിലെ കുട്ടികളുടെ എണ്ണം പെരുകുന്നതായി കണക്കുകളും സൂചിപ്പിയ്ക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 1590 പട്ടികജാതി വിദ്യാർഥികളും 2385 പട്ടികവർഗ വിദ്യാർഥികളും പഠനം ഇടയ്ക്കുവച്ചു ഉപേക്ഷിച്ചതായാണ് കണക്കുകൾ.

അഞ്ചുമുതൽ പത്തുവര ക്ലാസുകളിലെ കുട്ടികളുടെ കണക്കാണിത്. ഈ അധ്യയന വർഷത്തിൽ നൂറിലധികം കുട്ടികൾ പഠനം നിർത്തി. ഇടുക്കി , വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക്. കേരളത്തിലൊട്ടാകെ 6,35,373 പട്ടികജാതി വിദ്യാർഥികളും 83,149 പട്ടികവിദ്യാർഥികളുമാണ് കേരളത്തിലെ സ്കൂളുകളിലുള്ളത്.

കുടുംബപ്രശ്നങ്ങളാണ് പലപ്പോഴും കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണമാകുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നാടുവിട്ടു പോകുന്നവരുടെ മക്കളും, ശൈശവ വിവാഹങ്ങളുമെല്ലാം ഇതിനു നിദാനമായി പറയുന്നു. മദ്യം, സാമ്പത്തിക ബാധ്യത, വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ, ചെറുപ്പകാലത്തെ ആരോഗ്യക്കുറവ് തുടങ്ങിയവയും പ്രധാന കാരണങ്ങളാണ്.

മാതാപിതാക്കളുടെ ആരോഗ്യവസ്‌ഥ കണക്കിലെടുത്തു പഠനം ഉപേക്ഷിച്ചു വീടിനു താങ്ങാകേണ്ടി വരുന്ന പെൺകുട്ടികളും ഇവരിലുണ്ട്. കുടുംബഭാരവും പേറി തൊഴിലന്വേഷകരായി മാറുന്ന ആൺകുട്ടികളും ഇവരിലുണ്ട്. സ്കൂളിലേക്കുള്ള യാത്ര ദുരിതമാണെന്ന കാരണം പറഞ്ഞു കൊഴിഞ്ഞു പോകുന്നവരും ഏറെയാണ്.

കുട്ടികളുടെ ക്ഷേമത്തിനു പുതുസമീപനം

മനസു തളർന്നവരുടെ കുട്ടികൾ, അല്ലെങ്കിൽ മനസു തളർന്ന കുട്ടികൾ എന്നു വിശേഷിപ്പിക്കാമോ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ കുട്ടികളെ..? സ്കൂളിൽ പ്രവേശനം നേടുമ്പോൾ തീർച്ചയായും അവരുടെ മാനസികാവസ്‌ഥ ഇങ്ങനെ തന്നെയാണ്.

സംസ്‌ഥാനത്തെ പട്ടികവിഭാഗത്തിലെ കുട്ടികളുടെ മികവിന്റെ പഠനകേന്ദ്രമാണ് റസിഡൻഷ്യൽ സ്കൂളുകൾ. ആദിവാസി– ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ക്ഷേമത്തിനു ലക്ഷ്യമിട്ടുള്ളതാണ് സർക്കാരിന്റെ ഈ വിദ്യാഭ്യാസ പദ്ധതി. പ്രവേശന പരീക്ഷയിലൂടെ അഞ്ചാം ക്ലാസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ജീവിത പശ്ചാത്തലം വളരെ ദുരിതങ്ങൾ നിറഞ്ഞതാണ്. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവരുടെ മക്കളാണിവർ. പലരും പട്ടിണിയുടെ ദുരന്തം അറിഞ്ഞവരായിരിക്കും. ചിലരെത്തുന്നതു കാടും മലകളും താണ്ടിയായിരിക്കും.


നഗരത്തിന്റെ വികസനക്കാഴ്ച്ചകൾ അവർക്കൊരു പുതുമയാണ്. തങ്ങളുടെ ഗോത്രത്തിന്റെ പിന്നോക്കാവസ്‌ഥ അവരുടെ മനസിലെന്നുമുണ്ടാകും. പലപ്പോഴും പരസ്പരം ഇടപഴകുന്നതു പോലും ഇവർക്കു ചിന്തിക്കാനാകുന്നതല്ല. അത്രയേറെ ഒറ്റപ്പെടലുകളിൽ നിന്നും വരുന്നവരെ ഒറ്റക്കെട്ടായി നിർത്തുകയെന്ന ദൗത്യം പൂർത്തിയാകാൻ വർഷങ്ങളെടുക്കുന്നതായി അധ്യാപകരും പറയുന്നു. വിദ്യാർഥികളുടെ മാനസികാവസ്‌ഥയ്ക്കാണ് ആദ്യഘട്ടത്തിൽ ശ്രദ്ധനല്കുന്നത്.

ഇല്ലായ്മകൾ ഇവരെ തളർത്തുന്നില്ല

പിന്നാമ്പുറങ്ങളിലെ ഇല്ലായ്മകൾ ഇവരെ തളർത്തുന്നില്ല. ഒരുങ്ങുകയായി ഈ വിദ്യാർഥിക്കൂട്ടം. ഇവരുടെ മനസും ശരീരവും ഇനി ഉത്സവത്തിമർപ്പിലേക്ക്. ഇവരുടെ കുതിപ്പിനെ എന്തു വിശേഷിപ്പിക്കണം...? ജീവിതക്കുതിപ്പെന്നോ മനഃശാസ്ത്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പെന്നോ..? ഒരു കാര്യമുറപ്പാണ്, ഇതു നമ്മുടെ സമൂഹത്തിന്റെയും കൂടി വിജയമാണ്.

പാലക്കാട്ടെ മഞ്ഞുമൂടിയ കാലാവസ്‌ഥ മറ്റൊരു ഉത്സവത്തിനു കൂടി ഒരുങ്ങുകയാണ്. പട്ടികവർഗ വികസന വകുപ്പിനു കീഴിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീ– മെട്രിക് ഹോസ്റ്റൽ വിദ്യാർഥികളുടെ സംസ്‌ഥാന കലാമേളയ്ക്കാണ് വിക്ടോറിയ കോളജ് അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. നാളെ മുതൽ 31 വരെ നടക്കുന്ന സർഗോത്സവം അക്ഷരാർഥത്തിൽ ഉത്സവമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

കോളജ് ഗ്രൗണ്ടിലൊരുക്കിയ മൂന്നു പ്രത്യേക വേദികളിലായി നടക്കുന്ന ‘ സർഗോത്സവ‘ത്തിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മുപ്പതിനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. സംസ്‌ഥാനത്തെ 18 റസിഡൻഷ്യൽ സ്കൂളുകൾ, 108 പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ ആയിരത്തോളം വിദ്യാർഥികൾ സർഗോത്സവത്തിൽ മാറ്റുരയ്ക്കും. സംസ്‌ഥാനത്തെ 37 ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ കഴിവുകൾക്കാണ് സർഗോത്സവം വേദിയൊരുക്കുക.

ഉത്സവത്തിന്റെ പ്രസക്‌തി

ഉറഞ്ഞുപോയൊരു സമൂഹത്തെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതിനു ഒട്ടേറെ പരിമിതികളുണ്ട്. പ്രത്യേകിച്ചും ആദിവാസി– ഗോത്രവർഗ വിഭാഗക്കാരെ. പൊതു സമൂഹത്തിൽനിന്നും വളരെ വിഭിന്നമാണ് ഇവരുടെ ജീവിതചര്യകളും അനുഷ്ഠാനങ്ങളും. പഴമയുടെ പിന്നാമ്പുറങ്ങളിൽനിന്നും മോചിതരാകാത്തവരാണ് ഇവരുടെ തലമുറ. എല്ലാ മനുഷ്യാവകാശങ്ങൾക്കുമൊപ്പം ജീവിതത്തിന്റെ പുത്തൻ തലങ്ങളിലേക്കു പുതുതലമുറയെ എത്തിയ്ക്കുക എന്ന ദൗത്യമാണ് പട്ടികവർഗ വികസന വകുപ്പ് പ്രീ– മെട്രിക് ഹോസ്റ്റലുകളിലൂടെയും റസിഡൻഷ്യൽ സ്കൂളുകളിലൂടെയും ലക്ഷ്യമിടുന്നത്. സ്കൂളുകൾ വിദ്യാഭ്യാസ നിലവാരത്തിൽ വളരെയേറെ മുൻപന്തിയിലെത്തിയിട്ടുണ്ട്.

സാംസ്കാരിക നിലവാരമുയർത്താനുള്ള ശ്രദ്ധേയമായ നീക്കമാണ് സർഗോത്സവത്തിലൂടെ യാഥാർഥ്യമാകുന്നത്. തങ്ങളും പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന ചിന്തയും ബോധവും ഇവരിലേക്കെത്തുമെന്നതും തീർച്ചയാണ്.

–എം.വി. വസന്ത്


Loading...