ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന വിശ്വാസവും എനിക്കുണ്ട്. പക്ഷെ, ഒരു കോളജ് വിദ്യാർഥിയുടെ സ്വയം പരിചയപ്പെടുത്തലാണ് ഈ വാക്കുകൾ. ഓസ്റ്റിൻ ഹറൗഫ്. പ്രായം 19. ഇപ്പോൾ ജയിലിൽ. കുറ്റം കൊലപാതകം. 59 കാരനായ ജോൺ സ്റ്റീവൻസിനെയും ഭാര്യ മിഷ്കോണിനെയും കൊലപ്പെടുത്തി. മയക്കുമരുന്നിൻറെ ലഹരിയിൽ.. ഫ്ളോറിഡയിൽ ഇക്കഴിഞ്ഞ നവംബറിലാണ് സംഭവം. ഓസ്റ്റിൻ ഹറൗഫ് മയക്കുമരുന്നുകളുമായി ബന്ധം സ്‌ഥാപിച്ചത് എപ്പോഴെന്നറിയില്ല. ലഹരിയിലാകാം ഈ മൃഗീയമായ കൃത്യം ചെയ്തതെന്ന് അധികൃതർ കരുതുന്നു. ജോൺ സ്റ്റീവൻസിനെയും ഭാര്യയെയും ഓസ്റ്റിൻ ആക്രമിച്ചത് സ്വിച്ച്ബ്ലേഡ് കത്തി ഉപയോഗിച്ചാണ്. അയൽവാസിയായ ജെഫ് ഫിഷർ ഓസ്റ്റിനെ തടയാൻ ശ്രമിച്ചു. ജെഫിനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചത് ജെഫ് ആണ്. നിമിഷങ്ങൾക്കകം പോലീസ് എത്തി. പോലീസുകാർ തോക്ക് ചൂണ്ടിയിട്ടും ഇരയുടെ ശരീരത്തിൽ നിന്നു മാറാൻ ഓസ്റ്റിൻ ഒരുക്കമായിരുന്നില്ല. പിന്നീട് ബലം പ്രയോഗിച്ച് അയാളെ വലിച്ചു മാറ്റി.

പതിനൊന്ന് ദിവസത്തോളം ഓസ്റ്റിനെ ചികിത്സയ്ക്ക് വിധേയനാക്കി. സ്റ്റീവൻസിൻറെ ഗാരേജിൽ നിന്ന് ഏതോ ദ്രാവകം കുടിച്ചുവെന്ന് ഓസ്റ്റിൻ പോലീസിനോട് വെളിപ്പെടുത്തുകയുണ്ടായി. ആക്രമണത്തിനു മുന്പ് മാതാപിതാക്കളോടൊപ്പമായിരുന്നു ഓസ്റ്റിൻ. നഗരത്തിലെ ഒരു സ്പോർട്സ് ബാറിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ആഹാരം കഴിക്കുകയായിരുന്നു. ഇതിനിടയിൽ ഓസ്റ്റിൻ അകാരണമായി ദേഷ്യത്തോടെ ഇറങ്ങിപ്പോയി. പോകുന്നതിനിടയിലാണ് സ്റ്റീവൻസിൻറെ ഗാരേജിൽ ചെന്ന് അദ്ദേഹത്തെയും ഭാര്യയെയും കത്തിക്കിരയാക്കിയത്.

അമ്മയുടെ സ്നേഹവാത്സല്യങ്ങൾക്കായി...

മയക്കുമരുന്നുകളുടെ നിരന്തരമായ ഉപയോഗമാണ് ഓസ്റ്റിൻറെയുള്ളിൽ കൊലപാതകം പോലുള്ള നിഷ്ഠുര കൃത്യങ്ങൾക്ക് കരുത്തു പകർന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ആറു മാസം പ്രായമുള്ള സ്വന്തം പൊന്നനുജനെ കൊല്ലാൻ ഒരു പതിമൂന്നുകാരനെ പ്രേരിപ്പിച്ചതോ.. ബ്രിസ്റ്റളിലാണ് സംഭവം. തൻറെ കട്ടിലിൽ കിടന്ന കുഞ്ഞനുജൻറെ ശരീരത്തിൽ മൂർച്ചയുള്ള കത്തിയെടുത്ത് 17 തവണ ആഞ്ഞുകുത്തി. പിന്നീട് നേരേ ബ്രിസ്റ്റളിലെ പോലീസ് സ്റ്റേഷനിൽ ചോര വാർന്നൊഴുകുന്ന കത്തിയുമായി ഹാജരായി. വിവരം പോലീസിനെ ബോധിപ്പിച്ചു. കുട്ടികളുടെ അമ്മ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. മുകൾനിലയിൽ വീട്ടുജോലികളിൽ മുഴുകിയിരുന്ന അവർ താഴത്തെ കാര്യങ്ങളൊന്നും അറിഞ്ഞതേയില്ല. പോലീസ് ഉദ്യോഗസ്‌ഥർ ഈ കൃത്യത്തിൻറെ കാരണം ചോദിച്ചപ്പോൾ അവൻ പൊട്ടിക്കരഞ്ഞു... വിതുന്പലിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു– എനിക്ക് അമ്മയുടെ സ്നേഹം കിട്ടുന്നില്ല... അമ്മയ്ക്ക് എന്നെക്കാൾ ഇഷ്‌ടം അവനോടാ... എനിക്ക് എൻറെ അമ്മയെ ഭയങ്കര ഇഷ്‌ടമാ... ഇളയ കുട്ടിയോട് മാതാപിതാക്കൾ കാണിച്ച സ്നേഹവാത്സല്യങ്ങൾ ഒരിക്കൽ തനിക്ക,് ആ പ്രായത്തിൽ, ലഭിച്ചിരുന്നു എന്ന് അവനറിയില്ല. നവാഗതൻറെ വരവോടെ വീട്ടിൽ തൻറെ സ്‌ഥാനം നഷ്‌ടമാകുന്നുവെന്ന തോന്നലാണ് വലിയൊരു പാതകത്തിലേക്ക് ആ 12 കാരനെ തള്ളിയിട്ടത്. സിനിമകളിലും ചാനലുകളിലുമൊക്കെ സമാനമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യം.

ശിഥിലമായ കുടുംബബന്ധങ്ങളും വഴിവിട്ടുള്ള ബന്ധങ്ങളും മാത്രമല്ല, കുട്ടികളോടുള്ള മാതാപിതാക്കളുടെ വ്യത്യസ്തമായ പെരുമാറ്റ രീതികൾക്കും അതിന് പകരമായി അവരുടെ നിയമവിരുദ്ധമായ നീക്കങ്ങൾക്കും ഈ കുരുന്നുകളും സാക്ഷ്യം വഹിക്കുന്നു. തീരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ ആഴത്തിൽ പതിയാൻ രക്ഷിതാക്കൾ ശ്രമിക്കണം. മുതിർന്നവർക്ക് നിസാരമായി തോന്നുന്ന പലതും കുട്ടികൾ ലാഘവത്തോടെ ഉൾക്കൊണ്ടെന്നു വരില്ല. കുരുന്നുകളിൽ തിരിച്ചറിവിൻറെ വിത്തു പാകുന്നതിൽ രക്ഷിതാക്കൾക്ക് നിർണ്ണായകമായ പങ്കുണ്ട്.

പിഞ്ചുകുഞ്ഞിന്റെ മോചനദ്രവ്യം ഒരു കോടി രൂപ.. .

പിഞ്ചുകുഞ്ഞുങ്ങളോടുള്ള ശാരീരികമായ ഉപദ്രവത്തിൻറെ കഥകളും വളരെയേറെ സമൂഹത്തിൽ പെരുകുന്നു. വൃദ്ധനും മധ്യവയസ്കനും യുവാക്കളുമൊക്കെ ഇത്തരം കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്. എട്ടും പൊട്ടും തിരിയാത്ത കുരുന്നുകൾക്കു നേരേ പ്രായപൂർത്തിയാകാത്ത കുട്ടികളും അക്രമം അഴിച്ചുവിടുന്നതും വ്യാപകം. മുംബൈയിൽ 16 വയസുകാരായ രണ്ട് ആൺകുട്ടികൾ ചേർന്ന് മൂന്നര വയസുകാരിയെ കൊലപ്പെടുത്തിയത് ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ്. പ്രതികളിലൊരാളുടെ അയൽവാസിയാണ് ഈ കുഞ്ഞ്. രണ്ടു പ്രതികളും കൂടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. എന്നിട്ട് കുഞ്ഞിൻറെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടു. തൻറെ പക്കൽ 28 ലക്ഷം രൂപയേ ആകെയുള്ളൂ എന്ന് അയാൾ പറഞ്ഞു. പണവുമായി തൊട്ടടുത്ത ഒരു സ്‌ഥലത്ത് എത്താൻ കുട്ടികൾ നിർദേശിച്ചു. നേരത്തെ കുഞ്ഞിനെ കാണാതായപ്പോൾ തന്നെ അദ്ദേഹം സൗത്ത് മുംബൈയിലെ ജെജെ മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസിൻറെ അന്വേഷണത്തിനിടയിൽ കുഞ്ഞിൻറെ അയൽവാസിയായ ആൺകുട്ടിയെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി എല്ലാം ഏറ്റുപറഞ്ഞു. കൂട്ടുപ്രതിയെയും പോലീസ് പിടികൂടി. മൂന്നര വയസുകാരിയെ മൊബൈൽ ചാർജറിൻറെ വയർ കഴുത്തിൽ കുരുക്കി കൊന്നുവെന്നും ശരീരം കഷണങ്ങളാക്കിയെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു.


രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...

ഇല്ലായ്മയുടെ കെടുതികൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ ചില ഇളംതലമുറക്കാർ അക്രമത്തിൻറെ വഴി തെരഞ്ഞെടുത്തിരുന്ന അവസ്‌ഥയെക്കാൾ ഭീകരമാണ് സാമൂഹികമായും സാംസ്കാരികപരമായും സന്പന്നമെന്ന് കരുതുന്ന അന്തരീക്ഷത്തിലെ ചില അംഗങ്ങളുടെ പ്രവൃത്തികളെന്ന് കുട്ടികളുടെ മന:ശാസ്ത്രജ്‌ഞർ അഭിപ്രായപ്പെടുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യവ്യവസ്‌ഥിതിയിൽ വിവിധ രീതിയിലുള്ള അരക്ഷിതത്വവും സംജാതമായിട്ടുണ്ട്. മത്സരങ്ങളുടെ യുഗമാണിന്ന്. എല്ലാപേരും തിരക്കിലുമാണ്. രക്ഷിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സമയം തീരെയില്ല. ഉദാഹരണത്തിന്, അമ്മയും അച്ഛനും ഉദ്യോഗസ്‌ഥരായ കുടുംബങ്ങളിലെ കുട്ടികൾ പലപ്പോഴും ഒഴിഞ്ഞ മനസോടെയാണ് ജീവിക്കുക. മാതാപിതാക്കൾ സ്വന്തം ജോലിയുടേതായ ഉത്തരവാദിത്വങ്ങളുമായി ദിവസവും മല്ലയുദ്ധം നടത്തുന്പോൾ കുട്ടികളും ഒരു തരത്തിൽ സംഘർഷത്തിലാണെന്ന് പലരും മനസിലാക്കുന്നില്ല. സാമൂഹ്യമായി കൂടുതൽ മെച്ചപ്പെട്ട കാലാവസ്‌ഥയിൽ ജീവിതം നയിക്കുന്ന നല്ലൊരു ശതമാനം പേർക്കും തങ്ങളുടെ കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങണമെന്നതിൽ വിട്ടുവീഴ്ചയില്ല. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തൽ അടക്കമുള്ള പെരുമാറ്റങ്ങളിലൂടെ കുട്ടികൾക്ക് തികച്ചും നെഗറ്റീവായ ചുറ്റുപാടുകൾ ഒരുക്കുകയാണ് ചില രക്ഷിതാക്കൾ ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ ഉള്ള ഈ സമീപനങ്ങൾ കുട്ടികളെ കൊടുംനിരാശയിലേക്കോ സ്വന്തം ഇഷ്‌ടങ്ങളുടെ അതിരുകളില്ലാത്ത ലോകത്തേക്കോ ആയിരിക്കും കൊണ്ടെത്തിക്കുക. അരുതുകളുടെ നീണ്ട നിരയാണ് ചില രക്ഷിതാക്കൾ കുട്ടികൾക്കു മുന്പാകെ അവതരിപ്പിക്കുന്നത്. കുടുംബവും വിദ്യാലയവും സമൂഹവുമെല്ലാം കുഞ്ഞുങ്ങളോടുള്ള കടമകൾ ഭംഗിയായി നിറവേറ്റണം. ആഡംബര ജീവിതത്തോടുള്ള അതിരുകവിഞ്ഞ ആഭിമുഖ്യം കുറ്റവാസനകളിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
കഞ്ചാവിൻറെയും മയക്കുമരുന്നിൻറെയും മറ്റു ലഹരിപദാർഥങ്ങളുടെയും മായികവലയത്തിൽ വീഴാതെ കുട്ടികളെ സംരക്ഷിക്കേണ്ട കർത്തവ്യം രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുക. പോസിറ്റീവായ വാക്കുകളിലൂടെ, നന്മ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുക. മക്കളുടെ കൂട്ടുകാരെയും കൂട്ടുകളെയും കുറിച്ച് രക്ഷിതാക്കൾക്കും ശരിയായ ബോധ്യമുണ്ടായിരിക്കണം. സകല തിരക്കുകളുടെയും മധ്യത്തിലും മക്കൾക്കായി അൽപ്പനേരം ചെലവഴിക്കാൻ മനസുണ്ടായാൽ, അവർക്ക് ഏറ്റവും വലിയ നേട്ടമായിരിക്കും അത്. സ്വന്തം പിടിവാശികളിൽ അടിയുറച്ചു നിൽക്കാനൊരുങ്ങാതെ, അവരുടെ സ്വപ്നങ്ങളെയും മോഹങ്ങളെയും അറിയാൻ മുതിരുക. സാങ്കേതിക വിദ്യയെ നെഞ്ചേറ്റുന്നവരാണ് പുതുതലമുറയുടെ പ്രതിനിധികൾ. പഠനത്തിൻറെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാതെ, ശോഭനമായ ഭാവിയിലേക്കുള്ള വെളിച്ചം സമ്മാനിക്കുക. മൂല്യച്യ ു തിയുടെയും ധാർമികമായ അധ:പതനത്തിൻറെയും പടുകുഴികളുണ്ടെന്ന് ഓർമിപ്പിക്കുക. സാമൂഹ്യബോധവും ദേശസ്നേഹവും മനോബലവും വളർത്തുന്നതിനോടൊപ്പം പ്രായോഗിക ജീവിതപാഠങ്ങളും പരിശീലിപ്പിക്കുക. കൂടുന്പോൾ ഇന്പമുണ്ടാകുന്നതാണ് കുടുംബം. കൂട്ടുകാരെ കൂടെപ്പിറപ്പുകളെപ്പോലെ സ്നേഹിക്കാനും സഹജീവികളോട് കാരുണ്യപൂർവം പെരുമാറാനും രക്ഷിതാക്കൾ തന്നെ മാതൃകയാകണം... (അവസാനിച്ചു)

ഗിരീഷ് പരുത്തിമഠം