ബെയ്റൂട്ട്: ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ സൈനിക താവളം ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണം നടത്തിയതായി ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള. മേഖലയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം നിലനിൽക്കെ, ഹിസ്ബുള്ള കൂടി ആക്രമണം കടുപ്പിച്ചത് പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്.
ഗോലാൻ കുന്നുകളിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രധാന താവളത്തിന് നേരെയാണ് ഹിസ്ബുള്ള ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ പതിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഗാസയിലും ലെബനനിലും ഇസ്രായേൽ തുടരുന്ന സൈനിക നടപടികൾക്കും തങ്ങളുടെ കമാൻഡർമാരെ വധിച്ചതിനും പകരമായാണ് ഈ ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.
ഗോലാൻ കുന്നുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് മറുപടിയായി തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ശക്തമായ ബോംബാക്രമണം നടത്തി. സിറിയയുമായി അതിർത്തി പങ്കിടുന്ന ഗോലാൻ കുന്നുകളിൽ ഇസ്രയേൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Tags : Hezbollah missile attack Golan Heights