വാഷിംഗ്ടൺ ഡിസി: കാലപ്പഴക്കം കാരണം സ്വയം പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടായിരുന്ന അഞ്ച് ടൺ മാരക രാസവസ്തു ശേഖരം അമേരിക്കൻ സൈന്യം നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചു. അയോവയിലെ മിഡിൽടൗണിലുള്ള സൈനിക വെടിക്കോപ്പ് നിർമാണശാലയിൽ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു നശിപ്പിച്ചത്. ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന ലെഡ് അസൈഡ് എന്ന രാസവസ്തുവിന്റെ രാജ്യത്തെ മുഴുവൻ ശേഖരവുമാണ് ഇത്തരത്തിൽ നശിപ്പിച്ചത്.
കാലപ്പഴക്കം മൂലം രാസമാറ്റം സംഭവിച്ച ഈ ശേഖരം ഏത് നിമിഷവും സ്വയം പൊട്ടിത്തെറിക്കാവുന്ന അപകടകരമായ അവസ്ഥയിലായിരുന്നുവെന്നും അതിനാൽ വൻ ദുരന്തം ഒഴിവാക്കാൻ നിയന്ത്രിത സ്ഫോടനം അനിവാര്യമായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. സ്ഫോടനത്തെത്തുടർന്ന് വിഷാംശമുള്ള ലെഡ് പൊടി അന്തരീക്ഷത്തിൽ പടരാനുള്ള സാധ്യത ആരോഗ്യ-പരിസ്ഥിതി ആശങ്കകൾ ഉയർത്തിയതോടെ കർശന സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചത്. നിർമാണശാലയുടെ എട്ട് കിലോമീറ്റർ പരിധിയിലുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആഘാതവും പൊടിയും നിയന്ത്രിക്കാൻ മേഖലയ്ക്ക് ചുറ്റും കോൺക്രീറ്റും മണലും ഉപയോഗിച്ച് തടസങ്ങൾ നിർമിക്കുകയും പൊടിപടലങ്ങൾ താഴ്ത്താൻ ആയിരക്കണക്കിന് ഗാലൻ വെള്ളം ഉപയോഗിക്കുകയും ചെയ്തു.
ലെഡ്, നൈട്രജൻ എന്നീ മൂലകങ്ങൾ അടങ്ങിയ രാസസംയുക്തമാണ് ലെഡ് അസൈഡ്. ബോംബുകൾ, വെടിയുണ്ടകൾ തുടങ്ങിയ സൈനിക വെടിക്കോപ്പുകളിലെ പ്രധാന സ്ഫോടകവസ്തുവിനെ പ്രവർത്തനക്ഷമമാക്കുന്ന പ്രാരംഭ ഘടകമായാണ് ഇത് ഉപയോഗിക്കുന്നത്.
Tags : ToxicChemical USArmy Destroy