വാഷിംഗ്ടൺ: അമേരിക്കയിൽ കൂടുതൽ കർശനമായ തെരഞ്ഞെടുപ്പ് നിയമങ്ങൾ നടപ്പാക്കണമെന്ന ആവശ്യത്തിന് പിന്തുണയേറാൻ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ നിർബന്ധമാക്കാത്തതിനെക്കുറിച്ച് ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംശയം പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണു ട്രംപ് നിലപാട് വ്യക്തമാക്കിയത്.
തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ, ഇന്ത്യയിൽ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടിയോളം ആളുകൾ വോട്ടുരേഖപ്പെടുത്തിയെന്നും എന്നാൽ, ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽവോട്ട് ചെയ്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വോട്ട് ചെയ്ത ഓരോ പൗരനും ഫോട്ടോ തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നുവെന്നും അമേരിക്കയിൽ ഉടൻതന്നെ സേവ് അമേരിക്ക ആക്ട് പാസാക്കേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുന്നതിനായി സേവ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി നിയമം നടപ്പാക്കണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. വോട്ടർ രജിസ്ട്രേഷനു പൗരത്വ തെളിവ് നിർബന്ധമാക്കുക, രാജ്യവ്യാപക വോട്ടർഐഡി നിർബന്ധമാക്കുക, തപാൽ വോട്ടിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഈ ബില്ലിലെ പ്രധാന നിർദേശങ്ങൾ.
Tags : Deepika DeepikaNewspaper BreakingNews Trump praises electoral system