ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ന്യൂമെക്സിക്കോയിലുള്ള ബംഗ്ലാവായ, ‘സോറോ റാഞ്ച്’ ഡാള്ളസിലെ പ്രമുഖ വ്യവസായിയായ ഡോൺ ഹഫിൻസും കുടുംബവും വിലയ്ക്കുവാങ്ങി. 2023ൽ നടന്ന ഈ ഇടപാട് സംബന്ധിച്ച വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
പുതിയ ഉടമകൾ വസ്തുവിൽ ഭൂതോച്ചാടനം നടത്തി. വസ്തുവകകളിലെ ദുരാത്മാക്കളെ ഒഴിപ്പിക്കുന്നതിനായി ഓഹിയോയിൽനിന്ന് ഒരു കത്തോലിക്കാ വൈദികനെ എത്തിച്ചാണ് മൂന്നു ദിവസം നീണ്ട ഭൂതോച്ചാടന കർമങ്ങൾ പൂർത്തിയാക്കിയത്.
2023ൽ എപ്സ്റ്റീൻ ട്രസ്റ്റിൽനിന്നു വാങ്ങിയ ഈ വസതിയുടെ പേര് ‘സാൻ റാഫേൽ റാഞ്ച്’ എന്ന് പുനർനാമം ചെയ്തിട്ടുണ്ട്. മുന്പ് ദുരനുഭവങ്ങൾ നടന്ന ഇവിടം ഇനി ഒരു ക്രിസ്ത്യൻ ധ്യാനകേന്ദ്രമാക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.
ആൽബുകർക്കിക്കും സാന്താ ഫേയ്ക്കും ഇടയിലുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് 7,600 ഏക്കർ സ്ഥലത്തായി എപ്സ്റ്റീന്റെ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്.ന്യൂമെക്സിക്കോ മുൻ ഗവർണർ ബ്രൂസ് കിംഗിൽനിന്ന് 1993ലാണ് ജെഫ്രി എപ്സ്റ്റീൻ ഇതു സ്വന്തമാക്കുന്നത്. ഇവിടെവച്ചു തങ്ങൾ ചൂഷണത്തിനിരയാകുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തതായി നിരവധി പേർ വെളിപ്പെടുത്തിയിരുന്നു.
അടുത്തിടെ ന്യൂമെക്സിക്കോ പോലീസും അന്വേഷണസംഘങ്ങളും ഇവിടെ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല.ഭൂമിയോ കെട്ടിടങ്ങളോ തെറ്റ് ചെയ്യുന്നില്ലെന്നും ദൈവനാമത്തിൽ വരുന്ന ഏവർക്കും ഇവിടേക്ക് സ്വാഗതമുണ്ടെന്നും ഉടമകൾ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Jeffrey Epstein's bungalow