കൊല്ലം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുൻമുഖ്യമന്ത്രി എ. കെ. ആന്റണി നടത്തിയ പ്രസ്താവന പൂർണമായും തെറ്റാണെന്നു മുൻധനമന്ത്രി കെ. എൻ .ബാലഗോപാൽ പറഞ്ഞു.
2001-ലെ സാഹചര്യത്തേക്കാൾ മോശമാണ് ഇപ്പോഴത്തെ അവസ്ഥ എന്ന ആന്റണിയുടെ നിരീക്ഷണം കൃത്യമായ കണക്കുകളുടെ അഭാവത്തിലുള്ളതാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കാനേ ഇത്തരം പ്രതികരണങ്ങൾ സഹായിക്കുകയുള്ളൂ. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ അദ്ദേഹത്തെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആഗ്രഹമുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിസന്ധികളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കേരളത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ബിജെപി ഇതര സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഇനിയും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാന താല്പര്യത്തിനൊപ്പമായിരിക്കും എൽഡിഎഫ് നിൽക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഡൽഹിയിൽ പോയി സമരം ചെയ്തപ്പോൾ അന്നത്തെ പ്രതിപക്ഷത്തിൽ നിന്നും പിന്തുണ ലഭിച്ചില്ല.
എന്നാൽ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വസ്തുതകൾ മനസിലാക്കാതെ കേരളം തകർന്നു എന്ന് പ്രചരിപ്പിക്കുന്നതു ശരിയല്ലെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു.
Tags : Balagopal A.K. Antony statement