x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് പ​ദ്ധ​തി വ​രും: മ​ന്ത്രി ഷി​ബു ബേ​ബി​ ജോ​ണ്‍


Published: May 30, 2026 10:28 PM IST | Updated: May 30, 2026 10:28 PM IST

കൊ​ല്ലം: കാ​ട്ടു​പ​ന്നി പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ഉ​ണ്ടാ​കു​മെ​ന്നും വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ വ​നം ഉ​ദ്യാ​ഗ​സ്ഥ​രു​മാ​യു​ള്ള സം​ഘ​ര്‍​ഷം ഇ​ല്ലാ​താ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍.

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കാ​ടി​റ​ങ്ങു​ന്ന​തി​ന്‍റെ യ​ഥാ​ര്‍​ഥ​കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹാ​ര​മു​ണ്ടാ​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കാ​ടി​റ​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ പ​ക്ക​ല്‍ ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​രേ​ഖ​യി​ല്ല. കാ​ട്ടി​ലെ മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും അ​നു​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക വ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മൃ​ഗ​ങ്ങ​ള്‍​കൂ​ടി എ​ത്തു​ന്നു​ണ്ട്.

ക​ടു​വ​ക​ളു​ടെ എ​ണ്ണ​വും സ്ഥ​ല​പ​രി​മി​തി​യും പ്ര​ശ്‌​ന​മാ​കു​ന്നു. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വി​ല്‍ കാ​ര്യ​മാ​യ ക​ടു​വ ആ​ക്ര​മ​ണ​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​കാ​റി​ല്ല. അ​വി​ടെ 46 ക​ടു​വ​ക​ള്‍ മാ​ത്ര​മു​ള്ള​തി​നാ​ലാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ അ​തി​ര്‍​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ടു​വ​ക​ളും കൂ​ടെ ചേ​ര്‍​ത്താ​ല്‍ 400 ക​ടു​വ​ക​ളു​ണ്ടാ​കും. അ​തി​നാ​ല്‍ അ​വി​ടെ സ്ഥി​തി സ​ങ്കീ​ര്‍​ണ​മാ​ണ്.

ആ​ന​ക​ളു​ടെ എ​ണ്ണ​വും ക​ഴി​ഞ്ഞ 10-15 വ​ര്‍​ഷം കൊ​ണ്ട് ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​ച്ചു. കാ​ട്ടി​ല്‍ ഉ​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ കാ​ടി​നു പു​റ​ത്തു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. അ​ര ല​ക്ഷം കാ​ട്ടു​പ​ന്നി​ക​ള്‍ പു​റ​ത്തു​ണ്ട്. ശ​നി​യാ​ഴ്ച വ​യ​നാ​ട്ടി​ല്‍ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​സി​സി​എ​ഫി​ല്‍ നി​ന്നും, വി​ജി​ല​ന്‍​സി​ല്‍ നി​ന്നും പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ട​ന​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : plan problem Shibu Baby John wild boar

Recent News

Corehub Up