കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനവുമായി നേതാക്കൾ.
പയ്യന്നൂര്‍, തളിപ്പറമ്പ് വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നതായാണ് സൂചന. ജില്ലാ സെക്രട്ടറിയുടെ നിലപാടുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയെന്ന ആരോപണവും ഉയർന്നു. യോഗം രാത്രി വൈകും വരെ നീണ്ടു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അഴീക്കോടന്‍ മന്ദിരത്തില്‍ യോഗം ചേര്‍ന്നത്.
പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും യുഡിഎഫ് നേടിയ ഞെട്ടിക്കുന്ന വിജയമാണു യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാര്‍ട്ടിവിട്ട വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ ജയിച്ചത് പാര്‍ട്ടിക്കു വലിയ ആഘാതമായി.
തളിപ്പറമ്പില്‍, എം.വി. ഗോവിന്ദന്റെ പിന്‍ഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദന് യുഡിഎഫ് പിന്തുണയില്‍ ജയിച്ചതും ചര്‍ച്ചയായി.
പ്രത്യേകിച്ച് പയ്യന്നൂരില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഭാഗീയതയും പ്രാദേശിക നേതൃത്വം അത് കൈകാര്യം ചെയ്ത രീതിയും ആഭ്യന്തര കലഹവും ഇത്തവണത്തെ തോല്‍വിക്ക് വഴിതെളിച്ചെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വോട്ടില്‍ ഉണ്ടായ വലിയ ചോര്‍ച്ച ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.
മട്ടന്നൂരില്‍നിന്ന് കെ.കെ. ശൈലജയെ മാറ്റി പേരാവൂരില്‍ മത്സരിപ്പിച്ചതും പരാജയം ഏറ്റുവാങ്ങിയതും ധര്‍മടത്ത് ആറ് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞിട്ടും പിണറായി വിജയനു ലീഡ് ഉറപ്പിക്കാന്‍ കഴിയാതിരുന്ന സ്ഥിതിയും യോഗം വിലയിരുത്തി. ഇന്നും നാളെയും ജില്ലാ കമ്മിറ്റി യോഗംകൂടി ചേരുന്നതോടെ ചര്‍ച്ചകളും വിമർശനങ്ങളും കൂടുതല്‍ ശക്തമായി തുടരുമെന്നാണ് സൂചന.
Tags : CPM District Secretary Thaliparampu Payyannuur criticism