കപ്പുച്ചിൻ സന്യാസിയുടെ ളോഹയിൽ കൂട്ടിയ കൂടിൽ വിരിഞ്ഞ പക്ഷിക്കുഞ്ഞുങ്ങൾ.
കോട്ടയം: കപ്പുച്ചിൻ വൈദികൻ ഉണങ്ങാനിട്ട ളോഹയിൽ കൂടുകൂട്ടി ബുൾബുൾ പക്ഷികൾ. ഇപ്പോൾ കൂട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായ സന്തോഷത്തിലാണ് കോട്ടയം തെള്ളകം കപ്പുച്ചിൻ വിദ്യാഭവൻ ആശ്രമത്തിലുള്ളവർ. അലക്കി ഉണക്കാനിട്ട ളോഹ കപ്പുച്ചിൻ സന്യാസി വൈദികൻ ഫാ. ജിനു മാന്തിയിൽ ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എടുക്കാനായി ചെന്നത്.
അപ്പോഴാണ് അതിൽ പക്ഷികൾ കൂടു കൂട്ടിത്തുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. കപ്പുച്ചിൻ വൈദികരുടെ ളോഹയുടെ മുകളിൽ ഭാഗത്തുള്ള തൊപ്പിയാണ് ബുൾബുൾ പക്ഷിക്കു കൂടുണ്ടാക്കാൻ സഹായകമായത്. ഇതോടെ കിളിയെ ശല്യപ്പെടുത്തേണ്ടെന്ന തീരുമാനത്തിലായി സന്യാസ വൈദികർ. ആരുടെയും ശല്യപ്പെടുത്തൽ ഇല്ലാതെ വന്നതോടെ കിളികൾ കൂടു തീർത്ത് അവിടെ മുട്ടയിട്ടു. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളുടെ കരച്ചിൽ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ളോഹയിലെ കൂട്ടിൽ കുഞ്ഞുങ്ങളെ കണ്ടത്. കുഞ്ഞുങ്ങൾ പിറന്നിട്ട് എട്ടു ദിവസമായി. ബുൾ ബുൾ പക്ഷി കൂടിനു സമീപത്തു തന്നെയുണ്ട്. കുഞ്ഞുങ്ങൾ വളർന്ന് പറന്നു പോകുന്നതുവരെ ളോഹ എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജിനുവച്ചനും വൈദകരും.
പക്ഷികളെയും മൃഗങ്ങളെയും പ്രകൃതിയെയും സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാരമ്പര്യം പേറുന്ന കപ്പുച്ചിൻ വൈദികരായ തങ്ങൾക്ക് വിശുദ്ധ ഫ്രാസിസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികം ആചരിക്കുന്ന വേളയിൽ ലഭിച്ച പ്രത്യേക അനുഭവമാണ് ഇതെന്ന് ആശ്രമം റെക്ടർ ഫാ. ജയിംസ് വാഴചാരി ദീപികയോടു പറഞ്ഞു.
ഒരു ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സന്യാസിയായ തന്നെ ഈ ചെറിയ സംഭവം ആഴത്തിൽ സ്പർശിച്ചതായി ഫാ. ജിനു മാന്തിയിൽ കുറിച്ചു. ആ പക്ഷിക്ക് അത് ഒരു "വസ്ത്രം'' ആയിരുന്നില്ല; സുരക്ഷിതമായൊരു ഇടം, വിശ്രമിക്കാനും ജീവൻ വിരിയിക്കാനും കഴിയുന്ന ഒരു അഭയം എന്നിവയായിരുന്നു.
വിശുദ്ധ ഫ്രാൻസിസ് പക്ഷികളോടു പോലും പ്രസംഗിച്ചവനാണ്. മനുഷ്യൻ മറന്നുപോകുന്ന സത്യമാണ് അദ്ദേഹം പഠിപ്പിച്ചത്. ഇന്നു തന്റെ വസ്ത്രത്തിന്മേലുള്ള ഈ ചെറിയ കൂട് എനിക്ക് ഒരു നിശബ്ദ പ്രസംഗമായി മാറിയെന്നും ഫാ.ജിനു കൂട്ടിച്ചേർത്തു.
Tags : interesting kottayam Kappuchin priest