കൊച്ചി: തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിന്റെ ജാള്യതയില്‍ പി.സി. ജോര്‍ജ് നടത്തുന്ന ജല്പനങ്ങള് പൊതുസമൂഹം പുച്ഛിച്ചു തള്ളുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ഇതു പാര്‍ട്ടിയുടെ നയമാണോയെന്നു ബിജെപി നേതൃത്വം വ്യക്തമാക്കണം.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും രക്ഷയ്ക്കായി ജീവിതം സമര്‍പ്പിക്കുന്ന സഭയിലെ മെത്രാന്മാരെയും ക്രൈസ്തവസമുദായത്തിന്റെ പ്രശ്നങ്ങള്‍ നിഷ്പക്ഷമായി പറയുന്ന ദീപികയെയും ഭീഷണിപ്പെടുത്തി നാവടപ്പിക്കാനുള്ള രാഷ്ട്രീയമോഹം നടക്കില്ല. സഭയുടെയും സമുദായത്തിന്റെയും സാമൂഹിക ബോധം തന്നെയാണു ദീപികയെയും നയിക്കുന്നത്.
രാഷ്ട്രീയം നോക്കാതെ പ്രശ്നങ്ങളില്‍ നിലപാട് എടുക്കുന്നതാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെയും ദീപികയുടെയും നയം. സഭയും പിതാക്കന്മാരും പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്ത് മുമ്പില്‍ നിന്നിട്ടുണ്ട്. സഭാ മേലധ്യക്ഷന്മാരെ നിരന്തരം താറടിക്കാനും ദീപികയെ ഇല്ലാതാക്കാനുമുള്ള സംഘടിതമായ രാഷ്ട്രീയ അജൻഡ നടപ്പിലാക്കാന്‍ അനുവദിക്കില്ല.
സഭയെയും വിശ്വാസികളെയും രണ്ടു തട്ടിലാക്കി തകര്‍ക്കാനുള്ള ഗൂഢശ്രമമാണിത്. ക്രൈസ്തവരുടെ രക്ഷയ്ക്ക് ഇത്തരക്കാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഓരോ വര്‍ഷവും പാര്‍ട്ടിയും രാഷ്ട്രീയ നിലപാടുകളും മാറ്റുന്നവര്‍ സ്വയം തിരുത്തുന്നതാണ് നല്ലത്. സഭയെയും സമുദായത്തെയും തകര്‍ക്കാനുള്ള നീക്കങ്ങളെ സംഘടിതമായി നേരിടുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ജോമി കൊച്ചുപറമ്പില്‍, ഡോ. കെ.പി. സാജു, അന്‍സമ്മ സാബു എന്നിവര്‍ പ്രസംഗിച്ചു.
പാലാ: പി.സി. ജോര്‍ജിന്റെ ജല്പനങ്ങള് അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി. പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോള്‍ താന്‍ ഒറ്റയ്ക്ക് നിന്നു തടഞ്ഞു എന്ന ജോര്‍ജിന്റെ പ്രതികരണം പച്ചക്കള്ളമാണ്. തുടര്‍ച്ചയായി നുണപ്രചരണം നടത്തുന്നത് ജോര്‍ജിന്റെ ശീലമാണ്.
സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ 108 വര്‍ഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ കോണ്‍ഗ്രസിനെ ആക്ഷേപിക്കാന്‍ പി.സി. ജോര്‍ജ് വളര്‍ന്നിട്ടില്ല.
കത്തോലിക്ക കോണ്‍ഗ്രസിന്റെ വേദിയില്‍ സീറ്റ് ലഭിക്കാത്തതിന്റെ ഇളിഭ്യത മൂലമാണ് ജോര്‍ജ് കത്തോലിക്ക കോണ്‍ഗ്രസിനെ കുറ്റം പറയുന്നതെന്നും കത്തോലിക്ക സഭയുടെ ആകെയുള്ള പ്രതിനിധികളായി ജോര്‍ജും മകനും ബിജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സഭയ്ക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
കത്തോലിക്കാ സഭയെയും പിതാക്കന്മാരെയും അവഹേളിക്കുന്ന ജോര്‍ജിന്റെ പ്രസ്താവനങ്ങളില്‍ ഇടപെടണമെന്ന് ബിജെപി നേതൃത്വത്തോട് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു.
ഫാ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, ജോണ്സണ് വീട്ടിയാങ്കല്‍, സി.എം. ജോര്‍ജ്, പയസ് കവളമാക്കല്‍, ജോണ്സണ് ചെറുവള്ളി, ബെന്നി കിണറുകര, ടോമി കണ്ണീറ്റുമാലില്‍, രാജേഷ് പാറയില്‍, ജോബിന് പുതിയടത്തു ചാലില്‍, എഡ്വവിന് പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Catholic Congress public reject P.C. George BJP