കൊച്ചി: തിരുവനന്തപുരത്ത് എകെജി സെന്ററിന് കേരള സര്‍വകലാശാലയുടെ ഭൂമി കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
വഞ്ചിയൂര്‍ വില്ലേജിലെ 15 സെന്റ് ഭൂമി 1977ലെ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് എകെജി സെന്ററിനു കൈമാറിയത് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനും സര്‍വകലാശാലാ മുന്‍ ജോയിന്റ് രജിസ്ട്രാറുമായ ആര്.എസ്. ശശികുമാര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണു നിര്‍ദേശം.
പൊതുതാത്പര്യ സ്വഭാവമുള്ള ഹര്‍ജിയായതിനാല്‍ നേരത്തേ പരിഗണിച്ച സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിന് വിടുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറിയതെന്നു പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ ഓഫീസുകളിലോ സര്‍വകലാശാല, കോര്പറേഷന് ആസ്ഥാനത്തോ ലഭ്യമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തണ്ടപ്പേര് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയോ നികുതി അടയ്ക്കുകയോ ചെയ്യാത്ത പുറമ്പോക്ക് ഭൂമിയാണെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.
Tags : land transfer AKG Center Clarification