തിരുവനന്തപുരം: അഴിമതി കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് കെഎസ്ഇബി സബ് എൻജിനീയർ ഓഫീസിലെ ക്യാഷർ ആയിരുന്ന സക്കീർ ഹുസൈനെയാണ് ജയിലിലടച്ചത്.
2004 ൽ ഉപഭോക്താക്കളിൽനിന്നും ഇലക്ട്രിക്ക് ചാർജ് ഇനത്തിൽ പിരിച്ചെടുത്ത 1,37,277 രൂപ ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയതിന് സക്കീറിനെതിരെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ സക്കീർ ഹുസൈനെ കുറ്റക്കാരാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി രണ്ട് വർഷം കഠിന തടവിനും 2,000 രൂപ പിഴ ഒടുക്കുന്നതിനും 2013ൽ ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് സക്കീർ ഹുസൈൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും നിരസിച്ചു.
ഇതോടെ പ്രതി സുപ്രീം കോടതിയിയെ സമീപിക്കുകയും സുപ്രീം കോടതി സക്കീർ ഹുസൈന്റെ പെറ്റീഷൻ നിരസിക്കുകയും ശിക്ഷ അനുഭവിക്കുന്നതിനായി വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ ഹാജരാകാതെ സക്കീർ ഹുസൈൻ ഒളിവിൽ പോവുകയായിരുന്നു.
ഇയാൾക്കായി വിജിലൻസും പോലീസും അന്വേഷണം നടത്തി വരുന്നതിനിടെയിലാണ് സക്കീർ ഹുസൈനെ ഇന്ന് രാവിലെ വിജിലൻസ് സംഘം തിരുവനന്തപുരം ചാരുംമൂട് നിന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സക്കീർ ഹുസൈനെ കോടതി നടപടികൾ പൂർത്തീകരിച്ചശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
Tags : Corruption case KSEB Vigilance arrests accused jail