വനിതാ പ്രാതിനിധ്യത്തില്‍ നാളിതുവരെയായിട്ടും പത്തു ശതമാനം പോലും തികയ്ക്കാന്‍ കേരളത്തിലെ ഒരു നിയമസഭയ്ക്കും കഴിഞ്ഞിട്ടില്ലെങ്കിലും എംഎല്‍എമാരായി ദമ്പതികള്‍ ഒന്നിച്ചെത്തിയതും ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ വിജയിച്ചെത്തിയതുമായ ചരിത്രം സാക്ഷ്യമായുണ്ട്.
ദമ്പതിമാര്‍ ആദ്യമായി സഭയിലെത്തിയ റിക്കാര്‍ഡ് കെ.ആര്. ഗൗരിയമ്മയ്ക്കാണ്. കെ.ആര്. ഗൗരിയമ്മയും ഭര്‍ത്താവ് ടി.വി. തോമസുമായിരുന്നു ആ ദമ്പതിമാര്‍. ഇഎംഎസിന്റെ രണ്ട് മന്ത്രിസഭകളിലും ഇവര്‍ അംഗങ്ങളായിരുന്നു.
1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കെ.ആര്. ഗൗരിയമ്മ ചേര്‍ത്തലയില്‍ നിന്നും ടി.വി. തോമസ് ആലപ്പുഴയില്‍നിന്നുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. 1960ലും ഗൗരിയമ്മ ചേര്‍ത്തലയില്‍ മത്സരിച്ചു. 1965 മുതലാണ് അരൂരിലേക്ക് മാറിയത്.
രണ്ടാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ.എ. ദാമോദര മേനോനും ഭാര്യ ലീലാ ദാമോദരമേനോനും ദമ്പതികളായിരുന്നു. കുന്ദമംഗലം മണ്ഡലത്തെയാണ് ലീല 1957ലും 1960ലും പ്രതിനിധീകരിച്ചത്. 1957ല്‍ ഭര്‍ത്താവ് ദാമോദരമേനോന്‍ പെരുമ്പാവൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1960ല്‍ ഇദ്ദേഹം പറവൂരില്‍ നിന്നു കേരള നിയമസഭയിലെത്തി. ഇക്കാലയളവില്‍ വ്യവസായവകുപ്പു മന്ത്രിയുമായി.
ഭര്ത്താക്കന്മാരുടെ മണ്ഡലങ്ങളെ അവരുടെ വിയോഗം മൂലം നിയമസഭയില്‍ പ്രതിനിധീകരിച്ച ഭാര്യമാരുണ്ട്. റാന്നിയില്‍ 1986ലെ ഉപതെരഞ്ഞെടുപ്പില്‍ റേച്ചല്‍ സണ്ണി പനവേലില്‍ വിജയിച്ചെത്തുന്നത് ഭര്‍ത്താവും റാന്നി എംഎല്‍എയുമായിരുന്ന സണ്ണി പനവേലിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പിലാണ്.
2003ല്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പില്‍ എലിസബത്ത് മാമ്മന്‍ മത്തായി തിരുവല്ലയില്‍നിന്നു നിയമസഭയിലെത്തി. തിരുവല്ല എംഎല്‍എ ആയിരുന്ന മാമ്മന്‍ മത്തായിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ആ ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഈ വനിതാ എംഎല്‍എമാര്‍ക്ക് പിന്നീടു വന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിച്ചില്ലെന്നത് മറ്റൊരു ചരിത്രം.
1996ല്‍ നോര്‍ത്ത് വയനാട് മണ്ഡലത്തില്‍ കെ. രാഘവന് മാസ്റ്ററുടെ നിര്യാണത്തെത്തുടര്‍ന്ന് എത്തിയത് ഭാര്യ രാധാ രാഘവന്. 2001ലും രാധ ഇവിടെ വിജയിച്ചു. നിലവിലെ കേരള നിയമസഭയില്‍ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.ടി. തോമസ് 2021 ഡിസംബര്‍ 22ന് അന്തരിച്ചതോടെ 2022ലെ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. 25016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്.
നിയമസഭയിലെ ആദ്യ അംഗവും വനിത
റോസമ്മ പുന്നൂസാണ് കേരള നിയമസഭയിലെ ആദ്യ അംഗം. 1957 ഏപ്രില്‍ പത്തിന് റോസമ്മ പുന്നൂസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആദ്യ പ്രോടെം സ്പീക്കറും റോസമ്മ പുന്നൂസാണ്.
ദേവികുളം നിയമസഭാ മണ്ഡലത്തിലെ ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍ സീറ്റില്‍നിന്നായിരുന്നു റോസമ്മയുടെ വിജയം. പിന്നീട് എട്ടാം കേരള നിയമസഭയിലും റോസമ്മ പുന്നൂസ് അംഗമായി. ആലപ്പുഴ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.
Tags : Couples together husband's seat Kerala Assembly Election Niyama Sabha Election