x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐയിലും അതൃപ്തി

പത്തനംതിട്ട ബ്യൂറോ
Published: March 10, 2026 10:13 AM IST | Updated: March 10, 2026 10:13 AM IST

പത്തനംതിട്ട: സിപിഐയുടെ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി അവിടവിടെ മുറുമുറുപ്പുകളും വിവാദങ്ങളും ഉരുണ്ടു കൂടുമ്പോള്‍ അടൂരിലും കാര്യങ്ങള്‍ അത്ര പന്തിയല്ല.

സിപിഐ ജില്ലാ ഘടകം നല്‍കിയ പട്ടിക മറികടന്ന് എഐവൈഎഫ് സംസ്ഥാന സമിതിയംഗം കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രിജി കണ്ണനെ അടൂരില്‍ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചതില്‍ അതൃപ്തിയുമായി നേതാക്കളടക്കം രംഗത്ത്.

പരസ്യപ്രതികരണത്തിന് ആരും തയാറായില്ലെങ്കിലും അതൃപ്തി മനസിലാക്കി 14ന് സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കും. ജില്ലാ കൗണ്‍സില്‍ യോഗത്തിലും അടൂരിലെ മണ്ഡലം യോഗത്തിലും ബിനോയ് വിശ്വം പങ്കെടുക്കും. പിന്നാലെ മാത്രമേ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

സിപിഐ പത്തനംതിട്ട ജില്ലാ ഘടകം നല്‍കിയ പട്ടികയില്‍ ആലപ്പുഴ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി സി.എ. അരുണ്‍കുമാര്‍, കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവംഗം ആര്‍.എസ്. അനില്‍, പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവംഗം മണിക്കുട്ടന്‍, മഹിളാ സംഘം കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റ് സൗമ്യ, കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയംഗം അച്യുതന്‍ എന്നീ പേരുകളാണുണ്ടായിരുന്നത്. ഇത് പരിഗണിക്കാതെ എഐവൈഎഫ് നിര്‍ദേശ പ്രകാരം പ്രിജി കണ്ണനെ സ്ഥാനാര്‍ഥിയാക്കിയെന്നാണ് ആക്ഷേപം.

സിപിഐ ജില്ലാ കൗണ്‍സിലില്‍ ഈ പേര് ഉയര്‍ന്നു വന്നപ്പോള്‍ ഈ പേരിനു പിന്തുണ ലഭിച്ചിരുന്നില്ല. നേരത്തെ കൊല്ലത്ത് ജില്ലാ പഞ്ചായത്തംഗമായിരുന്ന പ്രിജി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് വാര്‍ഡില്‍ തോറ്റു.

2011 മുതല്‍ ചിറ്റയം ഗോപകുമാറാണ് അടൂരിനെ പ്രതിനിധീകരിച്ചുവരുന്നത്. മൂന്ന് ടേം പിന്നിട്ട ചിറ്റയത്തിന് ഇളവ് വേണമെന്നാവശ്യം പാര്‍ട്ടി ഘടകങ്ങളിലുണ്ടായതാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇതംഗീകരിച്ചില്ല. നിലവില്‍ സിപിഐ ജില്ലാ സെക്രട്ടറി കൂടിയാണ് ചിറ്റയം ഗോപകുമാര്‍.

പ്രിജി ശശിധരന്‍ അടൂരിലെത്തിയപ്പോള്‍, പ്രിജി കണ്ണന്‍; ദുഷ്ടലാക്കെന്ന് കോണ്‍ഗ്രസ്

അടൂര്‍: അടൂര്‍ നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥിയുടെ പേരിനെ ചൊല്ലി സോഷ്യല്‍ മീഡിയ വിവാദം കൊഴുക്കുന്നു. സിപിഐയിലെ പ്രിജി കണ്ണനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരിക്കുന്നത്.

പ്രിജി ശശിധരന്‍ എന്ന പേരില്‍ കൊല്ലം ജില്ലയില്‍ മുന്പ് തെരഞ്ഞെടുപ്പുകളെ നേരിട്ടയാള്‍ അടൂരിലെത്തിയപ്പോള്‍ പ്രിജി കണ്ണനയതിനു പിന്നില്‍ ദുഷ്ടലാക്കെന്ന് കോണ്‍ഗ്രസ്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ ഭര്‍ത്താവിന്റെ പേരിനൊ്പം പ്രിജിയുടെ പേര് എത്തിയപ്പോഴാണ് പ്രിജി കണ്ണന്‍ എന്നായതെന്നും നേരത്തെ അച്ഛന്റെ പേരാണ് ഒപ്പമുണ്ടായിരുന്നതെന്നും മാറ്റം സ്വാഭാവികമെന്നുമാണ് സിപിഐ വിശദീകരണം.

പേര് തെറ്റിധാരണയുണ്ടാക്കുന്നതായി സിപിഐ മുന്‍ നേതാവു കൂടിയായ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ പറയുന്നു. 2020-2025 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും മൂന്നു മാസം മുന്‍പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം കരീപ്ര പഞ്ചായത്തിലെ വാര്‍ഡില്‍ മത്സരിച്ചപ്പോഴും പ്രിജി ശശിധരന്‍ എന്നായിരുന്നു പേര്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോഴും പ്രിജി ശശിധരന്‍ തന്നെയായിരുന്നു. ഇതു പെട്ടെന്ന് മാറ്റിയതിനു പിന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റ്.

2021 ല്‍ അടൂരില്‍ മത്സരിച്ച അന്തരിച്ച കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ തവണത്തെ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു എം.ജി. കണ്ണന്‍. അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരും അടൂരില്‍ യുഡിഎഫ് പരിഗണിച്ചിരുന്നു. തെറ്റിധാരണാ ജനകമാണ് പേരുമാറ്റമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എം.ജി. കണ്ണന്റെ ഭാര്യയുടെ പേര് സജിത കണ്ണനെന്നാണ്.

എഐവൈഎഫ് മുന്‍ ഭാരവാഹി കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക്, എഐവെഎഫ് ജില്ലാ സെക്രട്ടറി എസ്. അഖിലും ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി രംഗത്തെത്തി. ഒരു സ്ത്രീ തന്‍റെ പേരിനൊപ്പം ഭര്‍ത്താവിന്‍റെയും അച്ഛന്‍റെയും പേരു ചേര്‍ക്കുന്നത് കേരള സമൂഹത്തില്‍ അപൂര്‍വ സംഭവമല്ലെന്ന് എസ്. അഖില്‍ പറയുന്നു.

വിവാഹത്തിന് മുന്‍പ് പ്രിജിയുടെ പിതാവിന്‍റെ പേര് ചേര്‍ത്ത് പ്രിജി ശശിധരന്‍ എന്നും, എഐവൈഎഫ് നേതാവ് കൂടിയായ കണ്ണനെ വിവാഹം ചെയ്ത ശേഷം പ്രിജി കണ്ണന്‍ എന്നും പേര് ചേര്‍ത്തു എന്നാണ് എസ്. അഖില്‍ വിശദീകരിക്കുന്നത്. വ്യാജ വിലാസം നല്‍കി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആളാണ് ശ്രീനാദേവി കുഞ്ഞമ്മ എന്നും അഖില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Tags : CPI Adoor candidates LDF

Recent News

Corehub Up