കോട്ടയം: നൂറ്റിനാല്പതു വര്‍ഷം മുടക്കമില്ലാതെ പ്രസാധനം ചെയ്യപ്പെടുന്ന ദീപിക ഒരു വിസ്മയമാണ്. 140 വര്‍ഷം മുമ്പ് എന്റെ ഗ്രാമത്തില്‍ വൈദ്യുതി വെളിച്ചം എത്തിയിരുന്നില്ല. മൂന്നാം ക്ലാസ് വരെ പഠിച്ചവരും ഗ്രാമത്തിലുണ്ടായിരുന്നില്ല. ഗ്രാമത്തില്‍ പത്താം ക്ലാസ് പാസായ ആദ്യത്തെയാള്‍ എന്റെ അച്ഛനായിരുന്നു. ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷ ഉദ്ഘാടനപ്രസംഗത്തില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഓര്‍മകള്‍ പങ്കുവച്ചു.
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞതിനെ ഉപരാഷ്ട്രപതി പിന്തുണച്ചു. വിമര്‍ശനങ്ങളുണ്ടായാല്‍ മാത്രമേ സമൂഹത്തില്‍ സത്യം പുലരുകയുള്ളു. ഇഷ്ടമുള്ളവരെ പ്രകീര്‍ത്തിക്കുകയും ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കുകയും ചെയ്യുന്നതില്‍ കാര്യമില്ല. തെറ്റുകാണിക്കുന്ന ഭരണാധികാരികളെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് പത്രധര്‍മം.
ലോകത്തിലെ തന്നെ ഏറ്റവും ക്ലേശകരമായി ജോലിയിലൊന്നാണ് രാഷട്രീയപ്രവര്‍ത്തനം. അസാധ്യമായത് സാധ്യമാക്കുകയെന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പൊരുള്‍. പൗരന്മാരെന്ന നിലയില്‍ നേതാക്കളെയും ഭരണാധികളെയും വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് കടമയും അവകാശവുമുണ്ട്. തെറ്റു തിരുത്തും വരെ വിമര്‍ശനം തുടരുകയും വേണം. ദീപിക ധാര്‍മികതയില്‍ ഉറച്ച് പത്രധര്‍മം നിറവേറ്റുന്നുണ്ടെന്ന തിരിച്ചറിവാണ് ഈ ചടങ്ങിലേക്ക് വരാന്‍ എനിക്കു നിമിത്തമായത്.
കാലാവസ്ഥ മോശമാണെങ്കില്‍ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് പോകാനാകുമോ എന്ന് പ്രിന്‍സിപ്പൽ സെക്രട്ടറി ശനിയാഴ്ച രാത്രി എന്നോട് ആശങ്ക പറഞ്ഞിരുന്നു. വേണ്ടിവന്നാല്‍ കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്ര റോഡ് മാര്‍ഗമാക്കാമെന്ന് ഞാന്‍ നിര്‍ദേശിച്ചു. അതിനുള്ള ക്രമീകരണങ്ങള്‍ ഉടന്‍ ചെയ്യാന്‍ ഞാന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമായതോടെ എനിക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒരുമിച്ച് ഹെലികോപ്റ്ററില്‍ ഇവിടേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷം.
നസ്രാണി ദീപിക ആദ്യമായി അച്ചടിച്ച മരപ്രസ് കാണാനിടയായപ്പോള്‍ എനിക്കു വിസ്മയം തോന്നി. ഇന്നും അത് ഭദ്രമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതില് സന്തോഷം തോന്നി. മാധ്യമങ്ങള്‍ക്കുമുണ്ട് ഒരു മിഷന് ദൗത്യം. ജനങ്ങളുടെ അവകാശ സംരക്ഷണം, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനം, സാമൂഹിക നീതി ഉറക്കാക്കല്, മതസൗഹാര്‍ദം ഊട്ടിവളര്‍ത്തുക എന്നിവയൊക്കെ ഇതില്‍ പ്രധാനമാണ്. സ്വന്തം സമുദായത്തിന്റെ ഉന്നമനംപോലെ മറ്റു സമുദായങ്ങളുടെ ഉന്നമനത്തിലും നാം ലക്ഷ്യം വയ്ക്കണം.
വസുധൈവകുടുംബകം എന്നത് അപ്പോള്‍ മാത്രമേ സാധ്യമാകു. മാനവികതയും സമൂഹനന്മയും പുലരണം. തെറ്റും ശരിയും എന്താണെന്ന് സമൂഹത്തെ അറിയിക്കുന്നതില്‍ ദീപിക സത്യസന്ധമായ പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്. പത്രം ഉടമയുടെ നിലപാടില്‍ അധിഷ്ഠിതമായി മാത്രമേ പല മാധ്യമങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനാകൂ. എന്നാല്‍ ദീപിക വസ്തുതയില്‍ അധിഷ്ഠിതമായ വാര്‍ത്ത സത്യസന്ധമായി തയാറാക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന പത്രമാണ്.
വാര്‍ത്തയില്‍ വെള്ളം ചേര്‍ക്കാന്‍ ദീപിക അനുവദിക്കില്ല. ശാസ്ത്രവികസനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയവയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ചാലകശക്തിയാണ്. ജനങ്ങളില്‍ ശുഭാപ്തിവിശ്വാസം ജനിപ്പിക്കുകയെന്നത് വലിയ പത്രധര്‍മമാണ്. ഒരുമയോടെ നിലകൊണ്ട് ദേശ വികസനസംരംഭങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ബോധിപ്പിച്ചു.
Tags : Criticism respectful language Vice President deepika@140