തിരുവനന്തപുരം: കേരളാ ഡിജിറ്റൽ സർവകലാശാലാ ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാന്റെ കാലാവധി അവസാനിച്ചതിനു ശേഷവും അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗ തീരുമാനങ്ങൾ ഗവർണർ തടഞ്ഞു.
യോഗ തീരുമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലോക്ഭവനിൽ ഹാജരാക്കാൻ വിസി ഡോ. സജി ഗോപിനാഥിനു ഗവർണർ നിർദേശം നൽകി.
2021 നവംബറിൽ ചുമതലയേറ്റ നിലവിലെ ചെയർമാൻ പ്രഫ. വിജയ് ചന്ദ്രുവിന്റെ ഔദ്യോഗിക കാലാവധി 2024ൽ അവസാനിച്ചു. കാലാവധി നീട്ടി നൽകിയിട്ടില്ല. 2024നുശേഷവും പദവിയിൽ തുടരുന്നതും ബോർഡ് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നതും നിയമവിരുദ്ധമാണെന്നാണ് പരാതി.എന്നാൽ, ചെയർമാനു സർവകലാശാല നിയമത്തിൽ കാലാവധി നിശ്ചയിച്ചിട്ടില്ല എന്ന നിലപാടാണു വിസിയുടേത്.
കാലാവധി കഴിഞ്ഞ വ്യക്തി അധ്യക്ഷത വഹിച്ച മേയ് 29ലെ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗവും അതിൽ കൈക്കൊണ്ട തീരുമാനങ്ങളും പൂർണമായും അസാധുവാക്കണമെന്നും ക്വാറമില്ലാതെയാണു യോഗം ചേർന്നതെന്നും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Tags : Digital University Board of Governors Meeting Governor