കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യപേക്ഷ തള്ളിയത്.
രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. രഞ്ജിത്തിന്റെ നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
പോലീസ് കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ ലൈംഗീകാതിക്രമം നടന്നുവെന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം തെളിവെടുക്കും. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി.
രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ്. രാജീവാണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐസിസി അംഗമായിരുന്നു സിയാദ്.
ഐസിസി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി.
Tags : sexual harassment police case director ranjith custody