തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ഒഴിവാക്കരുതെന്ന് പാറമേക്കാവിന് പിന്നാലെ തിരുവമ്പാടി കമ്മിറ്റിയിലും പൊതുവികാരം. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാണ് ആലോചന.
ദേവസ്വം മന്ത്രി വിളിച്ച വ്യാഴാഴ്ചത്തെ യോഗത്തിൽ ഇരു ദേവസ്വങ്ങളും നിലപാട് സർക്കാരിനെ അറിയിക്കും. രാവിലെ പത്തരയ്ക്ക് ജില്ലാ കളക്ടറേറ്റിലാണ് യോഗം ചേരുക. ദേവസ്വങ്ങളുടെ അഭിപ്രായം കേട്ടതിന് ശേഷം അന്തിമതീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച വരെ ദുഃഖാചാരണം നടത്തുമെന്നും വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്നും ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം.
അതേസമയം മുണ്ടത്തിക്കോട് സ്ഫോടനത്തിൽ 14 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഞ്ച് പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Tags : Thrissur Pooram Thiruvambadi Paramekkav vn vasavan