സാഹിത്യപോഷണത്തിനും ദീപിക താൾപ്പുറങ്ങൾ മാറ്റിവച്ചു. സാഹിത്യമേഖലയിലെ മുൻനിരക്കാരായിരുന്നു പത്രാധിപസമതി അംഗങ്ങൾ.
രണ്ടാമത്തെ പത്രാധിപർ ജോസഫ് പൈലി കവിതാ രചനയ്ക്ക് ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്നു സമ്മാനം വാങ്ങിയിട്ടുണ്ട്. പിന്നീടു വന്ന കുമ്മനം ഗോവിന്ദപ്പിള്ള പദ്യ, ഗദ്യ ശാഖകളിൽ പേരെടുത്ത സാഹിത്യകാരനാണ്. പിന്നീടു വന്ന തെങ്ങുംപള്ളിൽ വർഗീസ് മാപ്പിളയും സാഹിത്യസദസിലെ പ്രമുഖൻ.
മലയാള നോവൽ സാഹിത്യത്തിലെ അപൂർവ പ്രതിഭയായ മുട്ടത്തു വർക്കി മൂന്നു ദശാബ്ദം ദീപിക പത്രാധിപ സമിതിയിലുണ്ടായിരുന്നു. പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, മയിലാടുംകുന്ന്, ലോറാ നീ എവിടെ തുടങ്ങിയ വർക്കിയുടെ വിഖ്യാത നോവലുകൾ വെളിച്ചം കണ്ടത് ദീപികയിലൂടെയാണ്.
പി. ഭാസ്കരൻ, വേളൂർ കൃഷ്ണൻകുട്ടി, ജോസഫ് മറ്റം, ടി.വി. വർക്കി തുടങ്ങിയ സാഹിത്യകാരന്മാരും ദീപികയിലുണ്ടായിരുന്നു. അന്നത്തെ സാഹിത്യ, സാംസ്കാരിക നായകന്മാരുടെയെല്ലാം പരിലാളന ദീപികയ്ക്ക് ലഭിച്ചിരുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സി. അന്തപ്പായി തുടങ്ങിവരൊക്കെ ദീപികയിൽ മുഖപ്രസംഗം എഴുതിയവരാണ്. ബഹുഭാഷാപണ്ഡിതൻ ഐ. സി. ചാക്കോ, ചരിത്രകാരൻ വി.സി. ജോർജ് എന്നിവരും പത്രാധിപസമിതി അംഗങ്ങളായിരുന്നു. “ദീപികയിൽ ചങ്ങനാശേരി വർത്തമാനങ്ങൾ എഴുതിയാണ് എന്റെ കൈരളീകൈകാര്യം ആരംഭിച്ചത്” - അഭിമാനത്തോടെ മഹാകവി ഉള്ളൂർ പറഞ്ഞു.
കോട്ടയം വാർത്തകൾ എഴുതിയിരുന്നത് മള്ളൂർ ഗോവിന്ദപ്പിള്ളയും. ഇന്ദ്രജിത്ത് എന്ന പേരിൽ നാട്ടുകാര്യങ്ങൾ പദ്യത്തിൽ വിവരിച്ചിരുന്നത് കിടങ്ങൂർ കൃഷ്ണവാര്യരുമാണ്.
Tags : Expressions Presidency deepika@140