പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നാളെമുതൽ പത്തുവരെ പാലക്കാട്ട് നടക്കും. 14 ജില്ലകളിൽനിന്നായി 8500ലധികം ശാസ്ത്രപ്രതിഭകൾ നാലു ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.
ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം, വിഎച്ച്എസ്സി എക്സ്പോ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. രജിസ്ട്രേഷൻ നാളെ രാവിലെ പത്തിന് ഗവ. മോയൻസ് എച്ച്എസ്എസിൽ നടക്കും. ഉദ്ഘാടനം വൈകുന്നേരം 4.30ന് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
ആറു സ്കൂളുകളിലായാണു മത്സരങ്ങൾ. ബിഇഎം എച്ച്എസ്എസിൽ പ്രവൃത്തിപരിചയമേളയും, ഭാരതമാതാ എച്ച്എസ്എസിൽ ശാസ്ത്രമേള, വൈഐപി ശാസ്ത്രപഥം എന്നിവയും, ബിഗ് ബസാർ എച്ച്എസ്എസിൽ സോഷ്യൽ സയൻസ് മേളയും, ഒലവക്കോട് എംഇഎസ് എച്ച്എസ്എസിൽ ഗണിതമേളയും, കാണിക്കമാതാ എച്ച്എസ്എസിൽ ഐടി മേളയും, ചെറിയ കോട്ടമൈതാനം, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവിടങ്ങളിലായി സ്കിൽ ആൻഡ് കരിയർ ഫെസ്റ്റും നടക്കും. ഉദ്ഘാടനം, സമാപനം, വിനോദ കലാപരിപാടികൾ, ശാസ്ത്രസെമിനാർ, കരിയർ സെമിനാർ എന്നിവ ഗവ. മോയൻസ് എച്ച്എസ്എസിലാണ്. സ്പെഷൽ സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്സി എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. എല്ലാ ദിവസവും രാവിലെ 9.30നു മത്സരങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാനും അവസരമുണ്ട്.
കലാപരിപാടികൾ, ശാസ്ത്രപഥം
സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ സമാപനം പത്തിനു വൈകുന്നേരം 4.30 ന് ഗവ. മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിനോദ പരിപാടികളുടെ ഭാഗമായി എട്ട്, ഒന്‍പത് തീയതികളിലായി ഗവ. മോയൻസ് എച്ച്എസ്എസിൽ പഞ്ചാരിമേളം, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക് ഫ്യൂഷൻ, ഗസൽ സന്ധ്യ, മാപ്പിളപ്പാട്ട് തുടങ്ങിയവയും ഒന്‍പതിന് ബിഇഎം എച്ച്എസ്എസിൽ രാവിലെ 10 മുതൽ സ്ട്രീറ്റ് മാജിക് ഷോയും നടക്കും.
വിദ്യാഭ്യാസവകുപ്പ്, കെ- ഡിസ്ക്, എസ്എസ്കെ എന്നീ ഏജൻസികൾ സംയുക്തമായി നടപ്പിലാക്കുന്ന യംഗ് ഇന്നവേഴ്സ് പ്രോഗ്രാമിന്റെ (വൈഐപി) ഭാഗമായുള്ള ശാസ്ത്രപഥം ഭാരതമാതാ എച്ച്എസ്എസിൽ നടക്കും. സംസ്ഥാനവിജയികളായ 23 ടീമുകളുടെ ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഇവിടെ പ്രദർശിപ്പിക്കും.
ഊട്ടുപുര ഒരുങ്ങി, താമസസൗകര്യവും
ശാസ്ത്രോത്സവം നടക്കുന്ന നാലുദിവസങ്ങളിലും നാലുനേരം ഭക്ഷണവിതരണം ഉണ്ടാകും. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്താണ് ഊട്ടുപുര. ആയിരം പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഊട്ടുപുര തയാറാക്കിയിരിക്കുന്നത്. കൂടാതെ മത്സരങ്ങൾ നടക്കുന്ന ആറു വിദ്യാലയങ്ങളിലും ഭക്ഷണവിതരണമുണ്ടാകും. ഒരു സമയം പരമാവധി 8,000 പേർക്കുള്ള ഭക്ഷണം തയാറാക്കും. വിതരണത്തിന് 300 അധ്യാപകർ നേതൃത്വം നൽകും.
ആണ്‍കുട്ടികൾക്കു മോഡൽ എച്ച്എസ് പേഴുംകര, കണ്ണാടി എച്ച്എസ്എസ്, ലയണ്‍സ് കൊപ്പം, ജിഎംഎച്ച്എസ്എസ് തിരുവാലത്തൂർ എന്നിവിടങ്ങളിലും പെണ്‍കുട്ടികൾക്കു കാണിക്കമാത എച്ച്എസ്എസ്, സെന്റ് തോമസ് ഒലവക്കോട്, സെന്റ് സെബാസ്റ്റ്യൻ അരിക്കാരത്തെരുവ് എന്നിവിടങ്ങളിലും താമസസൗകര്യമൊരുക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികൾക്കു ഒലവക്കോട് സെന്റ് തോമസിലാണ് താമസസൗകര്യം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഓരോ വേദിയിലും ഡോക്ടർ ഉൾപ്പെടുന്ന ഓരോ മെഡിക്കൽ യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആംബുലൻസ്, കുടിവെള്ളം, ശൗചാലയം എന്നിവയും ആവശ്യാനുസരണം തയാറാക്കിയിട്ടുണ്ട്.
കരിയർ ഫെസ്റ്റും സെമിനാറും
സ്കൂൾ സ്കിൽ ഫെസ്റ്റുമായി ബന്ധപ്പെട്ട് എട്ട്, ഒന്‍പത് തീയതികളിലായി കരിയർ ഫെസ്റ്റും കരിയർ സെമിനാറും നടക്കും. പതിനാറ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി എട്ടിനു ചെറിയ കോട്ടമൈതാനത്താണ് കരിയർ ഫെസ്റ്റ്. ഒന്പതിനു രാവിലെ പത്തിന് ഗവ. മോയൻസ് എച്ച്എസ്എസിൽ കരിയർ സെമിനാറും നടക്കും. കേരള ഹയർ സെക്കൻഡറി കരിയർ ഫാക്കൽറ്റിയും കൗണ്‍സിലറുമായ കെ.പി. ലുഖ്മാൻ ക്ലാസ് നയിക്കും.
ക്രമസമാധാന പാലനത്തിനായി എൻസിസി, എസ്പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ യൂണിറ്റുകളിലെ കേഡറ്റുമാർ ഉൾപ്പെടെ 2250 വോളന്റിയർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ശാസ്ത്രോത്സവത്തിന്റെ സുവനീറും പുറത്തിറക്കുന്നുണ്ട്. ഇതിലേക്കുള്ള കവർചിത്രം ചിത്രരചനാ മത്സരത്തിലൂടെ തെരഞ്ഞെടുക്കും. സുവനീറിലേക്കു സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരിൽനിന്ന് രചനകൾ ക്ഷണിച്ചിട്ടുണ്ട്.
പാലക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ഡയറക്ടർ ടി.എ. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ പി.എം. സലീനബീവി, പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ. ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീൻകുട്ടി, ശാസ്ത്രമേള മീഡിയ കമ്മിറ്റി കണ്‍വീനർ എ. ഹനീഫ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ എം.എൻ. വിനോദ്, എൻഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി. മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു.
Tags : State School Science Festival Science Festival Palakkad Science Festival