തിരുവനന്തപുരം: നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിന്റെ പ്രാഥമിക അന്വേഷണം അട്ടിമറിച്ചു. ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം കേസ് ഡയറി തിരുത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ആദ്യ അന്വേഷണം നടത്തിയ എസ്ഐയും രണ്ട് പോലീസുകാരുമാണ് എസ്ഐടിക്ക് മൊഴി നൽകിയത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഇടപെട്ടതെന്നാണ് മൊഴി. തലസ്ഥാനത്ത് താമസിപ്പിച്ചാണ് സിഡി ഫയൽ തിരുത്തിയത്.
കേസ് ഡയറി തിരുത്തുന്നതിന് തൊട്ടുമുമ്പുള്ള യഥാർത്ഥ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ അട്ടിമറി വിവരങ്ങൾ ഉൾപ്പെടുത്തി എസ്ഐടി ഡിജിപിക്ക് പ്രത്യേക റിപ്പോർട്ട് കൈമാറും. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് മന്ത്രിമാർ സഞ്ചരിച്ച ബസിനു നേരെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും എസ്. സന്ദീപും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയും ഗൺമാൻമാർക്കെതിരെ കേസെടുക്കുകയായിരുന്നു.
Tags : case diary edited gunman assault case sit