കൊച്ചി: ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങൾ പാളിയതിലും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിൽ ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമർശിച്ചു.
വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സോണായി തിരിക്കണമെന്നും ഇവിടെ എത്ര പേരെ ഉൾകൊള്ളാൻ പറ്റുമെന്ന ശാസ്ത്രീയമായ കണക്ക് വേണം. അത് അനുസരിച്ച് മാത്രമേ ഭക്തരെ കയറ്റിവിടാൻ സാധിക്കുവെന്നും കോടതി പറഞ്ഞു.
തോന്നും പടി ഭക്തരെ കയറ്റിവിടുന്നത് ശരിയല്ല. തിരക്ക് പോലീസിനുമാത്രം നിയന്ത്രിക്കാനാകില്ല. ഇതിന് ഒരു വിദഗ്ധ സംഘം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഭക്തർ മണിക്കൂറുകൾ കാത്തുനിൽക്കുന്നത് തെറ്റായ സമീപനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.