തിരുവനന്തപുരം: ആധുനിക സംസ്കാരത്തിൽ എങ്ങനെ തറയിൽ കിടത്തി ചികിത്സിക്കാനാകുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ചിറയ്ക്കൽ.
നാടാകെ മെഡിക്കൽ കോളജ് തുടങ്ങുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ് രോഗത്തിനു ചികിത്സ തേടിയെത്തിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിലാണ് ഡോ. ഹാരീസ് രൂക്ഷമായ വിമർശനം അഴിച്ചു വിട്ടത്.
വേണുവിനെ കൊണ്ടുവന്നപ്പോൾ തറയിലാണു കിടത്തിയത്. തറയിൽ കിടത്തി എങ്ങനെയാണു ചികിത്സിക്കാനാകുക. ആധുനിക സംസ്കാരവുമായി എങ്ങനെയാണ് ഇതു ചേർന്നു പോകുന്നത്. 1988 ലാണു ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിനു പഠിക്കുന്നത്. അന്ന് ഇത്രയും രോഗികൾ തറയിൽ കിടക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ കാലം ഇത്രയും പുരോഗമിച്ചിട്ടും പ്രാകൃത നിലവാരമാണുള്ളത്.
വേണുവിന് കൊല്ലത്തു പല്ലനയിൽനിന്നു തിരുവനന്തപുരംവരെ ചികിത്സ തേടി എത്തേണ്ടിവന്നു. ഇതിനിടെ കൊല്ലത്ത് മെഡിക്കൽ കോളജും ജില്ലാ ആശുപത്രിയുമുണ്ട്. കരുനാഗപ്പള്ളിയിൽ ആശുപത്രിയുണ്ട്. ഇതെല്ലാം താണ്ടിയാണ് ഇവിടേക്കു വരേണ്ടിവന്നത്. നാടൊട്ടുക്കു മെഡിക്കൽ കോളജ് തുടങ്ങുന്നു എന്നു പറയുന്നതിൽ കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഏറ്റവും ആധുനികമായ സൂപ്പർ സ്പെഷാലിറ്റി കെയർ സെന്റർ സൗകര്യങ്ങളാണു വേണ്ടത്.
കോന്നി മെഡിക്കൽ കോളജിന് 500 കോടി രൂപ ചെലവായെന്നാണു മനസിലാക്കുന്നത്. അവിടെത്തന്നെ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ ഇപ്പോഴും സൂപ്പർ സ്പെഷാലിറ്റി ചികിത്സയ്ക്കു പരിമിതികളുണ്ട്.
രോഗികളുടെ ബാഹുല്യമുണ്ട്. മുന്പു ചില വിഷമതകൾ ചൂണ്ടിക്കാട്ടിയപ്പോൾ എനിക്ക് ചില വിഷമതകൾ നേരിടേണ്ടി വന്നു. അന്നു സമൂഹം ഒപ്പം നിന്നു. തെറ്റല്ല ചൂണ്ടിക്കാട്ടിയത്. ന്യൂനത ചൂണ്ടിക്കാട്ടുകയായിരുന്നു- ഡോ. ഹാരീസ് ചിറയ്ക്കൽ മാധ്യമങ്ങളോടു പറഞ്ഞു.
Tags : Dr. Harris Chirakkal How to treat TVM Medical College Head Department of Urology Head