കോഴിക്കോട്: പശ്ചിമേഷ്യ യുദ്ധ ഭീതിയിലായ സാഹചര്യത്തില്‍ നീതിപുലരുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനും ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷ നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആഹ്വാനം ചെയ്തു.
യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടണം. യുദ്ധങ്ങള്‍ മൂലം ഭൂമി തുടര്‍ച്ചയായി മുറിവേല്പ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘര്‍ഷങ്ങളുടെയും ഇരകളെ ചേര്‍ത്തുപിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയാന്‍ ലോക നേതാക്കള്‍ക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നു.
യുദ്ധം എന്നത് നികൃഷ്ടമായ ഒരു യാഥാർഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്ന് നമുക്ക് തിരിച്ചറിയാമെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂര്‍ണമായ തകര്‍ച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് വേദനാജനകമാണെന്നും ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചൂണ്ടിക്കാട്ടി.
Tags : KCBC urges prayers world peace