കൊച്ചി: കെഎസ്ആര്‍ടിസി ഓർഡിനിറി ബസുകളിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നു ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഭരണഘടനാവിരുദ്ധത തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാര
ന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു.
ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം നടത്തിയിട്ടില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Tags : high court priyadarshini project