പാലക്കാട്: ഭരണവിരുദ്ധതരംഗത്തിൽ അടിതെറ്റി കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖനായ എം.ബി. രാജേഷും. തൃത്താലയിൽ കോണ്‍ഗ്രസിന്റെ യുവനേതാവ് വി.ടി. ബൽറാമിനോട് 8385 വോട്ടിനാണ് രാജേഷ് മുട്ടുകുത്തിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ വി.ടി. ബൽറാമിനെ 3173 വോട്ടിനു രാജേഷ് വീഴ്ത്തിയിരുന്നു.
മന്ത്രിയായശേഷം രാജേഷ് മണ്ഡലത്തിൽ വലിയ വികസനപ്രവർത്തനങ്ങൾ നടത്തിയെങ്കിലും യുഡിഎഫ് തരംഗത്തെ മറികടക്കാൻ അതു പര്യാപ്തമായില്ല. അതേസമയം, 2021ലെ പരാജയത്തിനുശേഷവും മണ്ഡലത്തിൽ തന്പടിച്ചുപ്രവർത്തിച്ച ബൽറാമിന് ഈ വിജയം രാഷ്ട്രീയജീവിതത്തിലെ പൊൻതിളക്കമായി. വിജയം ഉറപ്പിച്ചശേഷം ‘ഇതു തിരിച്ചുവരവാണ്. ജനങ്ങൾക്കു നന്ദി’ എന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
76,427 വോട്ടാണ് വി.ടി. ബൽറാം ഇക്കുറി നേടിയത്. 68,042 വോട്ട് എം.ബി. രാജേഷിനും. ബിജെപി സ്ഥാനാർഥി വി. ഉണ്ണികൃഷ്ണൻമാസ്റ്റർ 15,051 വോട്ട് നേടി. 2021ൽ രാജേഷിനു ലഭിച്ചത് 69,814 വോട്ടാണ്. വി.ടി. ബൽറാം - 66,798, ബിജെപി - 12,851.
കഴിഞ്ഞ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എം.ബി. രാജേഷിന് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പറ്റിയ വീഴ്ചകൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാരിന്റെ മദ്യനയം പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അവമതിപ്പ് രാജേഷിനു വിനയായി.
എലപ്പുള്ളി ബ്രൂവറി, മേനോൻപാറ മദ്യനിർമാണഫാക്ടറി, മദ്യത്തിനു പേരിടൽ വിവാദങ്ങളും അവയെ ന്യായീകരിക്കാൻ രാജേഷ് നടത്തിയ ശ്രമങ്ങളും ജനങ്ങൾക്കു സ്വീകാര്യമായില്ല. എംപി, എംഎൽഎ, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച് പാർട്ടിയുടെ മുൻനിരയിലേക്ക് ഉയർന്നുവന്ന എം.ബി. രാജേഷിന് ഈ പരാജയം വൻതിരിച്ചടിയാണ്.
അതേസമയം, തത്കാലതിരിച്ചടിയിൽനിന്നു പാഠം ഉൾക്കൊണ്ടു പ്രവർത്തിച്ച കോണ്‍ഗ്രസിലെ തീപ്പൊരിനേതാവ് വി.ടി. ബൽറാമിനു പൊരുതിനേടിയ വിജയം വലിയ അംഗീകാരമായി.
Tags : M.B. Rajesh Thrithala Kerala Assembly election Kerala Niyamasabha Election