തിരുവനന്തപുരം: പത്തു വയസുള്ള രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ പ്രതിയായ വയോധികനെ ശിക്ഷിച്ച് കോടതി. മുടവന്മുകള് കുന്നുംപുറത്തു വീട്ടില്‍ വിജയന് (73) രണ്ടു കേസുകളിലായി 13 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
രോഗബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ ആംബുലന്‍സിലാണ് കോടതിയില്‍ എത്തിച്ചത്. ആംബുലന്‍സും വൈദ്യസഹായവും നല്കി പ്രതിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അഥോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നല്‍കണം.
2021-2022 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. മുടവന്മുകളില് പലവ്യഞ്ജനകട നടത്തിവരുകയായിരുന്ന പ്രതി കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞില്ല.
വീണ്ടും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് കുട്ടികള്‍ പരസ്പരം ഇതു പറഞ്ഞത്. അപ്പോഴാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. ഒരു കുട്ടി ബന്ധുവിനോട് സംഭവം വെളിപ്പെടുത്തി.
പീഡന വിവരം അറിഞ്ഞ കുട്ടികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് പ്രതിയെ മര്‍ദിച്ചിരുന്നു. പ്രതി ഇവര്‍ക്കെതിരെ കേസ് കൊടുത്തു. ഇതിന്റെ വിരോധത്തിലാണ് പീഡനക്കേസ് നല്‍കിയതെന്നു പ്രതിഭാഗം ആരോപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മകളെ പീഡിപ്പിച്ചതുകൊണ്ടാണ് പ്രതിയെ മര്‍ദിച്ചതെന്ന് സാക്ഷിയായ അച്ഛന് കോടതിയില്‍ മൊഴി നല്കി.
Tags : molested 10-year-old girls fined Rs 1.5 lakh 13 years imprisonment