തിരുവനന്തപുരം: കവടിയാറിൽ നിയന്ത്രണം തെറ്റിയ കാറിടിച്ച് മരിച്ചത് നവവധു. പൊൽപുള്ളി വേർകോലി സ്വദേശിനി നൗഷിജ (24) ആണ് മരിച്ചത്.
കഴിഞ്ഞ മാർച്ച് 28ന് ആയിരുന്നു കൊടുവായൂർ സ്വദേശി ആഷിക്കും നൗഷിജയും വിവാഹിതരായത്.
ആഷിക് ജോലിക്കായി വിദേശത്തേക്കു തിരികെപോകുന്നതിനു മുന്പ് ഒരുമിച്ചൊരു യാത്ര പോകണമെന്ന ആഗ്രഹത്തോടെയാണ് ഇരുവരും തിരുവനന്തപുരത്തേക്ക് തിരിച്ചത്.
കോവളവും കന്യാകുമാരിയും കാണാനായിട്ടായിരുന്നു യാത്ര. പാലക്കാട്ടുനിന്നു വോൾവോ ബസിലായിരുന്നു തിരുവനന്തപുരത്തേക്കു യാത്ര. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ ശേഷം വിളിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ പിന്നീട് നൗഷിജയുടെ മരണവിവരമാണ് കുടുംബാംഗങ്ങൾ കേട്ടത്.
നടപ്പാതയിലൂടെ നടക്കുന്നതിനിടെ നിയന്ത്രണംവിട്ട വാഹനമിടിച്ചു ഇരുവർക്കും പരുക്കേറ്റെന്നു മാത്രമാണ് ആദ്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരമറിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് നൗഷിജയുടെ മരണവിവരം അറിയുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആഷിക് നൗഷിജയുടെ മരണവിവരം അറിഞ്ഞിട്ടില്ല. അടുത്ത ശനിയാഴ്ചയാണ് ആഷികിന് വിദേശത്തേക്ക് തിരികെ പോകേണ്ടിയിരുന്നത്.
Tags : accident