കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് -എം സ്ഥാനാർഥികളുടെ തോൽവിക്കു പിന്നാലെ വൈകാരിക കുറിപ്പുമായി നിഷ ജോസ് കെ. മാണി. പാർട്ടി മത്സരിച്ച 12 സീറ്റുകളിലും തോൽവി സംഭവിച്ചതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ ഭാര്യ രംഗത്തെത്തിയത്.
പ്രയത്നിച്ചതോ പ്രാർഥിച്ചതോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം. കൂടുതൽ ശക്തിയോടെ ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും നിഷ ഫേയ്സ്ബുക്കിൽ കുറിച്ചു. ഞാൻ ജോയുടെ കൂടെ ചേർന്ന് നിൽക്കുന്നു. വെറുമൊരു ഭാര്യയെന്ന നിലയില്ല. അദ്ദേഹത്തിൽ വിശ്വാസമുള്ള ഒരാളായി. ജോയിൽ ഞാൻ ധൈര്യം കണ്ടു, ഇത് തോൽവിയല്ലെന്നും നിഷ പറഞ്ഞു.
ഹൃദയത്തിൽ വിശ്വാസവും ഓരോ ചുവടിലും പ്രതീക്ഷയുമായാണ് ഒരുമിച്ച് ഈ യാത്ര നടന്നെത്തിയത്. ഞങ്ങളുടെ മാതാപിതാക്കളായ കുട്ടിയമ്മയുടെയും കെ.എം. മാണിയുടെയും സേവനവും വിശ്വാസവും ജനങ്ങളുമായുള്ള ബന്ധവും കെട്ടിപ്പടുത്ത പൈതൃകവുമെല്ലാം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോയി.
വീടും ഹൃദയവും ഞങ്ങൾക്കായി തുറന്നു തന്ന എണ്ണമറ്റ ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. അവർക്ക് ഞങ്ങളിലുള്ള വിശ്വാസം വിലമതിക്കാത്ത ഒന്നാണ്. നിങ്ങളുടെ പ്രാർഥനകളും പിന്തുണയും ഞങ്ങൾക്ക് വലിയ ശക്തിയാണ്. ഇത് അവസാനമല്ല. ഒരു പുതിയ തുടക്കം മാത്രമാണെന്നും നിഷ ജോസ് കെ. മാണി ഫേയ്സ്ബുക്കിൽ കുറിച്ചു.