തിരുവനന്തപുരം: ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനന്ദ് വീട്ടിൽ വച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതേ തുടർന്ന് ഉടൻതന്നെ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ആനന്ദ് മരിച്ചത്. ടയർ കടയിലെ ജീവനക്കാരനായ യുവാവിന് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു. യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ആനന്ദിന്റെ കുടുംബം ഇതുസംബന്ധിച്ച് പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Online loan app say no to suicide kerala police trivandrum