കൊച്ചി: മാനവ വിഭവശേഷി വര്‍ധിപ്പിക്കാതെ ജോലിസമയം ദീര്‍ഘിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നു കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ).
സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെയായി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അപ്രായോഗികവും ന്യായരഹിതവുമായ ഈ നീക്കത്തെ സംഘടന ശക്തമായി എതിര്‍ക്കുന്നുവെന്ന് കെജിഎംഒഎ ജനറല്‍ സെക്രട്ടറി ഡോ. ജോബിന് ജി. ജോസഫ്, പ്രസിഡന്റ് ഡോ.പി.കെ. സുനില്‍ എന്നിവര്‍ അറിയിച്ചു.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കേണ്ട ഏറ്റവും കുറഞ്ഞ മാനവവിഭവശേഷി സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കപ്പെടാതെയും പുതുതായി ഒരു തസ്തിക പോലും സമീപകാലത്ത് സൃഷ്ടിക്കപ്പെടാതെയുമുള്ള സ്ഥിതിവിശേഷമാണുള്ളത്. മൂന്നു ഡോക്ടര്‍മാര്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ വൈകുന്നേരം ആറു വരെ ഒപി സമയം ദീര്‍ഘിപ്പിക്കുന്നത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.
രോഗീബാഹുല്യം മൂലം വീര്‍പ്പുമുട്ടുന്ന സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരേയൊരു ഡോക്ടര്‍ മാത്രം ഒപിയില്‍ ഉണ്ടാകുന്നത് വ്യാപകമായ അസംതൃപ്തിക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കുകയും രോഗികള്‍ക്ക് ഗുണപരമായ ചികിത്സ ലഭിക്കുന്നതിൽ ഗുരുതരമായ തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡോക്ടര്‍മാരില്‍ അധികസമ്മര്‍ദം അടിച്ചേല്പിക്കാനുള്ള ഏതൊരു നീക്കത്തെയും സംഘടന ചെറുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Tags : KGMOA Doctors duty time extend working hours