തിരുവനന്തപുരം: രാഷ്ട്രീയ കാരണങ്ങളാൽ പരോൾ നൽകുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തടവുകാരുടെ ന്യായമായ പരോളുകൾ നിഷേധിക്കില്ല. പക്ഷേ രാഷ്ട്രീയ കാരണങ്ങളാൽ തടവുകാർക്ക് അനാവശ്യമായ പരോളുകൾ പലതും കോടതിയിൽനിന്നാണു കിട്ടുന്നത്.
ജയിൽ ഉപദേശക സമിതികളുടെ ശിപാർശയിൽ വന്നിട്ടുള്ള പല കേസുകളുമുണ്ട്. അതു സാധാരണ അവധിയാണ്, പരോളല്ല. ന്യായമായി തടവുകാർക്ക് കിട്ടേണ്ട അവകാശമാണ് ഈ അവധി. തടവുകാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും. അതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
തടവുകാർ ഉണ്ടാക്കുന്ന വസ്തുക്കൾ വിറ്റഴിക്കാനുള്ള സംവിധാനം ഉണ്ടാകണം. ചപ്പാത്തി യൂണിറ്റുകൾ, പെട്രോൾ പന്പുകൾ എന്നിവയൊക്കെ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നു. ആ പണം ഉപയോഗിച്ചു ജയിലിന്റെ വികസനം നടത്തുന്നു. ബാക്കിയുള്ള പണം സർക്കാരിലേക്ക് അടയ്ക്കുന്നു. അങ്ങനെ ജയിലിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്.
ജയിലിലെ അന്തേവാസികൾ, തടവുപുള്ളികൾ ഇവർക്കൊക്കെ ബുദ്ധിമുട്ടുണ്ടാക്കാതെയും അതേസമയം നിയമങ്ങൾ പാലിച്ചുകൊണ്ടും മുന്നോട്ടു പോകാനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്.
ജയിൽ മാനുവൽ പരിഷ്കരണം, ജയിൽ റൂൾസിലെ പരിഷ്കരണം എന്നീ പ്രധാനപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വകുപ്പ് പ്രത്യേകമായി പരിശോധിക്കും. ജയിൽചാട്ടം അന്വേഷിക്കാനുള്ള കമ്മിറ്റിയുടെ കാലാവധി മൂന്നുമാസം കൂടി നീട്ടിയിട്ടുണ്ട്.
ജസ്റ്റീസ് രാമചന്ദ്രൻ നായരും ജേക്കബ് പുന്നൂസും അടങ്ങുന്ന രണ്ടംഗ സമിതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Tags : Chennithala parole no politics