തിരുവനന്തപുരം: സെഞ്ചുറിയും പിന്നിട്ട് യുഡിഎഫ് മുന്നേറിയ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 19 ലക്ഷത്തിലേറെ വോട്ടുകൾ അധികമായി ലഭിച്ചു. ഇരുമുന്നണികളും തമ്മിൽ വോട്ട് വിഹിതത്തിൽ 8.91 ശതമാനത്തിന്റെ വ്യത്യാസം.
കഴിഞ്ഞ തവണത്തെ 41 സീറ്റ് ഇത്തവണ 102 ആയി വർധിച്ചപ്പോൾ യുഡിഎഫിന്റെ വോട്ട് വിഹിതം 39.41 ശതമാനത്തിൽനിന്ന് 46.61 ശതമാനത്തിലേക്ക് ഉയർന്നു. 99 സീറ്റ് വിജയിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 45.28 ശതമാനം വോട്ട് നേടിയ എൽഡിഎഫ് ഇത്തവണ 35 സീറ്റിലേക്കു വീണപ്പോൾ അവരുടെ വോട്ട് വിഹിതം 37.7 ശതമാനമായി ഇടിഞ്ഞു.
ഇത്തവണ മൂന്നു സീറ്റുമായി തിളക്കമാർന്ന വിജയം കൈവരിച്ച എൻഡിഎയ്ക്ക് വോട്ട് വിഹിതത്തിൽ ആ തിളക്കമില്ല. അവർക്കു ലഭിച്ചത് 14.22 ശതമാനം വോട്ടുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്ക് 12.51 ശതമാനം വോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളൂ എങ്കിലും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ വിഹിതം 15.10 ശതമാനമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഭേദപ്പെട്ട നിലയിലേക്ക് അവർ എത്തിയെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ 19.2 ശതമാനത്തിനേക്കാൾ ഏറെ താഴെയാണ്. മൂന്നു സീറ്റിലെ വിജയത്തിന്റെ തിളക്കത്തിൽ വോട്ട് വിഹിതത്തിലെ ഇടിവു ശ്രദ്ധിക്കപ്പെടുന്നില്ലെന്നു മാത്രം.
ഇത്തവണ 2,15,66,263 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യുഡിഎഫിനു ലഭിച്ചത് 1,00,50,982 വോട്ടുകളാണ്. എൽഡിഎഫിന് 81,31,189 വോട്ടുകൾ ലഭിച്ചു. എൻഡിഎയ്ക്ക് 30,67,056 വോട്ടുകൾ ലഭിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 90.18 ലക്ഷം വോട്ടുകളും എൽഡിഎഫിന് 66.65 ലക്ഷം വോട്ടുകളുമാണു ലഭിച്ചത്. എൻഡിഎയാകട്ടെ 38.37 ലക്ഷം വോട്ടുകൾ നേടി. ഇക്കുറി ആകെ പോൾ ചെയ്ത വോട്ടിൽ വർധനയുണ്ടായപ്പോൾ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ വർധിച്ചു. എൻഡിഎയുടെ വോട്ടിൽ കുറവുണ്ടായി.
സമീപകാല തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിച്ച 47.35 ശതമാനമാണ് ഒരു മുന്നണിക്കു ലഭിച്ച ഏറ്റവും ഉയർന്ന വോട്ട് വിഹിതം. അതു കഴിഞ്ഞാൽ ഉയർന്ന വോട്ട് വിഹിതം ഇത്തവണ യുഡിഎഫ് നേടിയ 46.61 ശതമാനമാണ്. എൽഡിഎഫ് 99 സീറ്റ് നേടിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് വിഹിതം 45.28 ശതമാനമായിരുന്നു.
Tags : UDF 19 Lakhs votes Kerala Assembly Election Kerala Niyamasabha election