x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഴിഞ്ഞത്ത് വിജയക്കൊടി പാറിച്ച് യുഡിഎഫ്; പായിംപാടത്തും ജയം, ഓണക്കൂറിൽ എൽഡിഎഫ്


Published: January 13, 2026 11:18 AM IST | Updated: January 13, 2026 11:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിൽ രണ്ടിലും യുഡിഎഫ് ജയം. വിഴിഞ്ഞം യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ പായിംപാടം നിലനിർത്തി. ഓണക്കൂറിൽ എൽഡിഎഫിനാണ് ജയം.

വിഴിഞ്ഞത്ത് 83 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാന്‍റെ ജയം. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ കക്ഷി നില 20 ആയി ഉയര്‍ന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട വിഴിഞ്ഞം കോർപറേഷൻ വാർഡ് തെരഞ്ഞെടുപ്പിൽ  രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി നാഷാദും മൂന്നാം സ്ഥാനത്തു ബിജെപി സ്ഥാനാർഥി സർവശക്തിപുരം ബിനുവും വോട്ട് നേടി. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡാണ് വിഴിഞ്ഞം.

വാർഡിൽ ആകെ പോൾ ചെയ്തത് 8,912 വോട്ടുകളായിരുന്നു. എൽഡിഎഫ്, യുഡിഎഫ്, ബിജെപി, എസ്ഡിപിഐ, ആംആദ്മി പാർട്ടി, കേരള കോണ്‍ഗ്രസ് ഉൾപ്പെടെ ഒൻപത് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർസെക്കന്‍ററി സ്കൂളിലായിരുന്നു വോട്ടെണ്ണൽ നടന്നത്. നേരത്തെ മത്സര രംഗത്തുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെത്തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.

വിഴിഞ്ഞം വാര്‍ഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോര്‍പ്പറേഷനിൽ 51 സീറ്റെന്ന കേവല ഭൂരിപക്ഷം തികയ്ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്.

അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്ന കൊച്ചി പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാർഥി സി.ബി. രാജീവ് 221 വോട്ടുകള്‍ക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ടു വാര്‍ഡുകള്‍ നേടി യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടി.പി. തെളിയാമ്മേല്‍, എന്‍ഡിഎ സ്ഥാനാർഥി ശ്രീകാന്ത് എന്നിവരായിരുന്നു ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി.എസ്. ബാബുവിന്‍റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുബൈദ കൊരമ്പയിൽ ജയിച്ചു. 222 വോട്ട് ഭൂരിപക്ഷം നേടിയാണ് ജയം. ഇതോടെ മൂത്തേടം പഞ്ചായത്തിലെ 18 വാർഡുകളിൽ കക്ഷിനില യുഡിഎഫ്-17, എൽഡിഎഫ്-1 എന്നിങ്ങനെയായി.

യുഡിഎഫ് 501 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന് 279 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎയ്ക്ക് 14 വോട്ടും സ്വതന്ത്ര സ്ഥാനാർഥിക്ക് ആറു വോട്ടും ലഭിച്ചു.

വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

 

Tags : UDF Vizhinjam by election

Recent News

Corehub Up