പാലക്കാട്: ശുഭപ്രതീക്ഷകളോടെ പാലക്കാട്ടെത്തിയ ബിജെപിയിലെ തീപ്പൊരി വനിതാനേതാവ് ശോഭ സുരേന്ദ്രന് നിരാശ. സംസ്ഥാനത്തു ബിജെപി വലിയ പ്രതീക്ഷയർപ്പിച്ച പാലക്കാട് മണ്ഡലം കൈവിട്ടതു വരുംദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചകൾക്കിടയാക്കും.
ഏറെ ആലോചനകൾക്കുശേഷമാണ് പാർട്ടി ശോഭ സുരേന്ദനെ പാലക്കാട്ടേക്കു നിയോഗിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട വിവാദങ്ങളിൽ പ്രതിരോധത്തിലായ യുഡിഎഫിനെ വനിതാനേതാവിനെ ഇറക്കി മറികടക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകളാണ് അസ്ഥാനത്തായത്. ജില്ലയിലെ പാർട്ടി നേതാക്കളുടെ എതിർപ്പുകൾ ആദ്യഘട്ടത്തിൽ നേരിട്ടെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ മുന്നറിയിപ്പിൽ വിയോജിപ്പുകൾ ചാരംമൂടിപ്പോയിരുന്നു.
പ്രചാരണത്തിൽ വലിയ മുന്നേറ്റം കാഴ്ചവച്ചു മുന്നേറിയ ശോഭ സുരേന്ദ്രൻ പലഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്തിയിരുന്നു. എങ്കിലും വോട്ടെടുപ്പിന്റെ തലേന്നാളുണ്ടായ ‘വോട്ടിനു നോട്ട്’ വിവാദം വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. പാർട്ടിപ്രവർത്തക വോട്ടിനു വയോധികയ്ക്കു പണം കൈമാറിയ വീഡിയോയും ഇതിനോട് ശോഭ സുരേന്ദ്രൻ പ്രതികരിച്ചതും പ്രചരിച്ചതോടെ പാർട്ടി വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിച്ചത്.
2024 ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ടാണ് നേടിയത്. ഇക്കുറി ശോഭ സുരേന്ദ്രന് 49,052 വോട്ട് സമാഹരിക്കാനായെങ്കിലും വിജയത്തിലെത്താൻ കഴിഞ്ഞില്ല. 2016 ലെ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറന്പിലിനെതിരേ മത്സരിച്ച ശോഭ സുരേന്ദ്രൻ 40,076 വോട്ടാണ് നേടിയത്.
2021ൽ മെട്രോമാൻ ഇ. ശ്രീധരൻ 50,220 വോട്ട് നേടിയിരുന്നു. ഇതിന്റെ തൊട്ടടുത്തെത്താൻ ശോഭയ്ക്ക് ഇക്കുറി കഴിഞ്ഞു. മത്സരിച്ചിടത്തെല്ലാം വോട്ട് വർധിപ്പിച്ചെന്ന ഖ്യാതിക്ക് ഇളക്കംതട്ടിയില്ലെങ്കിലും വിജയം നേടാനാകാത്തതു പാർട്ടിക്കും ശോഭ സുരേന്ദ്രനും വലിയ തിരിച്ചടിയാണ്.
അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയായ എൻ.എം.ആർ. റസാഖിനു കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പി. സരിൻ പിടിച്ച വോട്ട് സമാഹരിക്കാനാകാത്തതു വരുംദിവസങ്ങളിൽ ചർച്ചയായേക്കും. 2024ൽ പി. സരിൻ 37,293 വോട്ട് നേടിയപ്പോൾ ഇക്കുറി റസാഖിന് 33,931 വോട്ടുമാത്രമേ നേടാനായുള്ളൂ.
Tags : Shobha Surendran BJP lotus Palakad