തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പോലീസിനെയും മുഖ്യമന്ത്രിയേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പോലീസ് സംഭവസ്ഥലത്തെത്തിയിട്ടും പരാതിക്കാരിയെ സഹായിക്കാതെ അവരെ ഉപേക്ഷിച്ചു മടങ്ങിപ്പോയത് പരിതാപകരമാണ്.
മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ച് ഓടിയതാണോ. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഈ മന്ത്രിസഭയ്ക്ക് ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് ഭാര്യ ബിന്ദു മേനോനെ മുറിയിൽ അടച്ചുപൂട്ടിയിട്ടത്. അവർ പോലീസിനെ വിളിക്കുകയും പോലീസ് എത്തുകയും ചെയ്തു. എന്നിട്ട് പോലീസ് എന്താണ് ചെയ്തത്. ബിന്ദു മേനോന് എന്താണ് പറ്റിയത്, അവരെ ആരെങ്കിലും ആക്രമിച്ചോ, അവർക്ക് പരിക്കേറ്റോ ഇതൊന്നും പോലീസ് അന്വേഷിച്ചില്ല.
അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ പോലും പോലീസ് ശ്രമിച്ചില്ല. ഏത് സ്ത്രീക്കാണ് ഈ പോലീസിനെ കൊണ്ട് സുരക്ഷ കിട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിമര്ശനമാണ് ഉയരുന്നത്.
ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു. ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നൊക്കെ സിനിമ ഡയലോഗായി പറയാൻ കൊള്ളാം. യഥാർത്ഥ ജീവിതത്തിൽ ഭാര്യയെ ദ്രോഹിച്ചാൽ കേസ് വരുമെന്നും ജെബി മേത്തർ പറഞ്ഞു.
Tags : V.D. Satheesan criticizes Police Chief Minister