പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഭാര്യ ലക്ഷ്മിപ്രിയ, മകൾ ഉണ്ണിമായ എന്നിവർക്കൊപ്പം പറവൂർ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ സർക്കാർ കോളജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം.
കൊച്ചി: ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയിലേയ്ക്ക് യുഡിഎഫ് ഉയർന്നു വന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വോട്ട് ചെയ്ത ശേഷം വി.ഡി. സതീശൻ പറഞ്ഞു.
വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്‍റ് കോളജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപികമാർ തന്‍റെ മണ്ഡലത്തിലുണ്ട്. അവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച് മൂന്നു തവണ പോയിട്ടും ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മൂന്ന് മാസത്തിനിടയിൽ നാലു പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Tags : assembly election v.d.satheesan udf victory